തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎം ശ്രീയിൽ ഒപ്പു വച്ചതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ”കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി” എന്നായിരുന്നു സാറ ജോസഫിൻറെ പരിഹാസം. ഫേസ് ബുക്കിലൂടെയായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
അതേസമയം സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ വ്യാഴാഴ്ചയാണ് ഒപ്പുവച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞ് വച്ചിരിക്കുന്ന 1500 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറും.
ഇതിനിടെ പാർട്ടിയുടെ എതിർപ്പ് തള്ളി പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐയും കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയുടെ നിലപാട്. യാതൊരു മുന്നണി മര്യാദയും കാണിക്കാതെയാണ് സിപിഎം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ബിനോയ് വിശ്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതുപോലെ സിപിഎം ദേശീയ നേതൃത്വത്തെ എതിർപ്പ് അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.

















































