കോട്ടയം: ഭാര്യയെ കൊന്നു മൃതദേഹം കുഴിച്ചിട്ടു, പോലീന്റെ കണ്ണിൽ പൊടിയിടാൻ ഭാര്യയെ കാണാനില്ലെന്നൊരു പരാതിയും. അവിടെ മുതൽ കണക്കുകൾ തെറ്റിത്തുടങ്ങി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയായ സോണിക്ക്. നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്ന സോണി ഭാര്യ അൽപ്പനയുടെ മൃതദേഹം കുഴിച്ചിട്ടത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു.
ഇതിനിടെ ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം പോലീസിൽ സോണി പരാതി നൽകിയത് ഒക്ടോബർ പതിനാലിനാണ്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്നേ ദിവസം രാവിലെ സോണി ഇളപ്പാനി ജങ്ഷനു സമീപം ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യത്തിൽ സോണി മാത്രമാണ് തിരികെ പോകുന്നത്. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു.
പരാതി നൽകിയ ശേഷം അന്വേഷണത്തിന്റെ ഭാഗമായി സോണിയെ വിളിച്ചെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയിൽ, ഇയാൾ മക്കൾക്കൊപ്പം ട്രെയിനിൽ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞാണ് പോലീസ് ആർപിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെ സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും ആദ്യം ഇയാൾ സഹകരിച്ചില്ല. തുടർന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വെളിച്ചത്തുവന്നത്. ഇളപ്പുങ്കൽ ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി മണ്ണനാൽ ഡിന്നിയുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്തെ മണ്ണ് നിരപ്പാക്കിയിരുന്നു. ഇവിടെയാണ് അൽപ്പനയെ കുഴിച്ചുമൂടിയതെന്നു പ്രതി വ്യക്തമാക്കിയത്. അതേസമയം കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഇളപ്പുങ്കൽ ജങ്ഷനു സമീപം നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോൾ പുറത്തേക്ക് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. നിർമാണത്തിലിരിക്കുന്ന വീട്ടിൽ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് അയാൾക്ക് അറിവുണ്ടായിരുന്നു. അൽപനയെ ഇവിടെയെത്തിച്ച് കരിങ്കല്ലിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ പിറ്റേന്നും ഒന്നും സംഭവിക്കാത്ത മട്ടിൽ ഇയാൾ ഇവിടെയെത്തി പണിയെടുത്തു.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അന്വേഷണം തിരിച്ചുവിടാനായി ഇയാൾ ഒരു യുവാവിന്റെ പേര് പറയുകയും ഭാര്യ അയാൾക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പോലീസിനോട് പറഞ്ഞു. എന്നാൽ യുവാവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോൾ അയാൾക്ക് പങ്കില്ലെന്ന് പോലീസിന് മനസിലായി.