കൊച്ചി: ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് ‘ജപ്പാൻ മേള 2025’ ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും.
ഒക്ടോബർ 17-ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വഴിത്തിരിവാകുന്നതാണ് ഈ കരാർ.
മേളയിൽ ടൂറിസം, വെൽനസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്‌കരണവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, ഐ.ടി., സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ ഉയർന്ന മുൻഗണനാ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനിലെ AI, റോബോട്ടിക്‌സ് ഇക്കോസിസ്റ്റത്തിൽ എങ്ങനെ അവസരങ്ങൾ കണ്ടെത്താമെന്നതിനെക്കുറിച്ച് പ്രത്യേക ചർച്ചകൾ നടക്കും.ജാപ്പനീസ് കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദമായ സെഷനുകളും മേളയുടെ ഭാഗമാണ്.
കേരള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്‌സ് & ഐ.ടി. ഡയറക്ടർ മുഹമ്മദ് സഫീറുള്ള, കെ എസ് ഐ ഡി സി ചെയർമാൻ സി ബാലഗോപാൽ , കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ സംസാരിക്കും.ജപ്പാനിൽ നിന്നുള്ള വിദഗ്ധനായ ടോഷിഹിരോ ഹനീഷി ഐ.ടി., എ.ഐ. മേഖലകളിലെ പുതിയ സാധ്യതകൾ അവതരിപ്പിക്കും.
പാനൽ ചർച്ചകൾ, നെറ്റ് വർക്കിങ് സെഷനുകൾ, ബി ടു ബി (B2B) മീറ്റിങ്ങുകൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾക്ക് നേരിട്ട് പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാൻ അവസരം ലഭിക്കും. ജാപ്പനീസ് ബിസിനസ് സംഘം സിന്തൈറ്റ് ഇൻഡസ്ട്രീസ്, സർക്കാർ ഓഫിസുകൾ, കൊച്ചിയിലെ മാരിടൈം കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് സംയുക്ത സംരംഭ സാധ്യതകൾ വിലയിരുത്തും.
നൂതന സാങ്കേതിക വിദ്യയുടെയും സുസ്ഥിര വ്യാപാരത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുക എന്ന വിശാല ലക്ഷ്യമാണ് ജപ്പാൻ മേള 2025 മുന്നോട്ട് വെക്കുന്നത്.
ഇൻജാക് (INJACK) പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ.വിജു ജേക്കബ് , വൈസ് പ്രസിഡന്റും ജപ്പാൻ മേള 2025 ജനറൽ കൺവീനറുമായ ഡോ.കെ. ഇളങ്കോവൻ, സെക്രട്ടറി ഡോ ജീവൻ സുധാകരൻ, ട്രെഷറർ ജേക്കബ് കോവൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.