ടെൽ അവീവ്: ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം…. അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകൾ അവസാനിച്ചു… മധ്യപൂർവദേശത്ത് സമാധാനത്തിന്റെ സൂര്യൻ ഉദിച്ചിരിക്കുകയാണെന്ന് ഇസ്രയേൽ പാർലമെന്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പിനാണ് ഇന്നു ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
കൂടാതെ രണ്ട് വർഷക്കാലം ധീരതയോടെ ഇസ്രയേലിനെ മുന്നോട്ട് നയിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. അതേസമയം പാർലമെന്റിൽ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്ന് നിറഞ്ഞ കയ്യടികളോടെയാണ് പാർലമെന്റംഗങ്ങൾ സ്വീകരിച്ചത്. ഇതിനിടെ പലസ്തീനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ എംപിമാർ രംഗത്തെത്തി. ഇവരെ പിന്നീട് നീക്കം ചെയ്തു.
ട്രംപിന്റെ പ്രസംഗം ഇങ്ങനെ- ‘‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം. രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ധീരരായ ആ 20 ബന്ദികളും അവരുടെ കുടുംബത്തോടൊപ്പം എത്തിയിരിക്കുകയാണ്. 28 ബന്ദികളുെട മൃതദേഹങ്ങളും തിരികെ വരും. ഈ വിശുദ്ധ മണ്ണിൽ അവർക്ക് നമ്മൾ അന്ത്യവിശ്രമം ഒരുക്കും.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്നു തോക്കുകൾ നിശബ്ദമായിരിക്കുന്നു. സൈറണുകൾ നിലച്ചിരിക്കുന്നു. സമാധാനത്തിന്റെ സൂര്യൻ വിശുദ്ധ നാട്ടിൽ ഉദിച്ചിരിക്കുന്നു. ഇത് യുദ്ധത്തിന്റെ മാത്രമല്ല, ഭീകരതയുടെയും അവസാനമാണ്. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും നാളുകൾ ആണ് വരുന്നത്. മധ്യപൂർവദേശത്തിന്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.’’
‘‘ഈ അവസരത്തിൽ ധൈര്യത്തിന്റെയും ദേശ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായ പ്രധാനമന്ത്രി നെതന്യാഹുവിനും ഞാൻ നന്ദി പറയുകയാണ്. ഇത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ല. നിങ്ങൾ ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ഗാസ സമാധാന പദ്ധതിക്കും ബന്ദി കൈമാറ്റത്തിനും സഹായിച്ച നിരവധി പേരുണ്ട്. അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറയുന്നു. ഇത് ഇസ്രയേലിന്റെയും മധ്യപൂർവ ദേശത്തിന്റെയും സുവർണ കാലമാണ്. സ്റ്റീവ് വിറ്റ്കോഫ് ഈ അവസരത്തിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹം മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. നമ്മൽ ഈ മത്സരം ഭംഗിയായി പൂർത്തിയാക്കി.
ജെറാർദ് കുഷ്നറും ഈ പദ്ധതിയിൽ എന്നെ ഏറെ സഹായിച്ചു. മാർക്കോ റൂബിയോയും ഇതിൽ പങ്കാളിയായി. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മിടുക്കനായ സ്റ്റേറ്റ് സെക്രട്ടറിയാണ് മാർക്കോ. യുഎസ് രണ്ട് ലോകമഹായുദ്ധങ്ങൾ ജയിച്ചു. എട്ട് മാസത്തിനിടയ്ക്ക് എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ശക്തിയിലൂടെ സമാധാനം അതാണ് ഞാൻ എപ്പോഴും പറയുന്നത്.’’ .
‘‘അതുപോലെ രണ്ട് വർഷം മുൻപ് ഇതേപോലൊരു അവധി ദിവസമാണ് അന്ന് ഭീകരർ ഇസ്രയേലികളായ നിരവധി പേരെ കൊലപ്പെടുത്തിയത്. നിരവധി പേരെ ബന്ദികളാക്കിയത്. അരക്ഷിതാവസ്ഥയുടെ നാളുകളായിരുന്നു അത്. ആ നാളുകൾ ആരും ഇന്നും മറന്നിട്ടില്ല. ആരും മറക്കുകയുമില്ല. ദു:സ്വപ്നങ്ങളുടെ നാളുകൾ അവസാനിച്ചിരിക്കുന്നു. ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു. ഐഡിഎഫിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനി ഇത് ആവർത്തിക്കില്ല. ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ സമാധാനം ഉണ്ടാകും ’’ – ട്രംപ് പറഞ്ഞു
അതേസമയം, ട്രംപിന്റെ പ്രസംഗത്തിനിടെ ഇസ്രയേൽ പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കറുടെ നിർദേശപ്രകാരം സുരക്ഷാ സേന പുറത്താക്കി. പാർലമെന്റിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെ എംപിമാർ പ്രതിഷേധിക്കുകയായിരുന്നു. ഇടതുപക്ഷ ഇസ്രയേലി അംഗങ്ങളായ അയ്മെൻ ഒഡെ, ഓഫർ കാസിഫ് എന്നിവരായിരുന്നു പ്രതിഷേധിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക’ എന്ന് എഴുതിയ ബാനറുകലുമായാണ് പ്രതിഷേധക്കാർ എത്തിയത്.