തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വിധി പുറപ്പെടുവിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
രണ്ട് പ്രതികള്‍ സംഭവശേഷം മരിച്ചു. ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് കൊലപാതകം നടന്നത്. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളൂര്‍ കോയ്യോട് തെരുവിലെ ടി.സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍.കെ.സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ.മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി.ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) എന്നിവരാണ് പ്രതികള്‍. 10-ാം പ്രതി സി.കെ. രജികാന്ത്, 12-ാംപ്രതി മുഹമ്മദ് രജീസ് എന്നിവര്‍ സംഭവശേഷം മരിച്ചു.