തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തിൽ നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല. ആരുതെറ്റ് ചെയ്താലും അവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. അതേസമയം, സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ചില ബാനറുകളുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അതിന് പിന്നില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മുദ്രവാക്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.’സ്പീക്കര്‍ അങ്ങേയറ്റത്തെ സംയമനത്തോടെയാണ് ഈ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്തത്. രണ്ടുദിവസമായി പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നു. ആ രണ്ടുദിവസവും ഒരുതരത്തിലുള്ള പ്രകോപനവും ഭരണപക്ഷത്തുനിന്നുണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകാന്‍ സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ച്ചയായ സ്പീക്കറുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.ആ സീറ്റില്‍ ഞങ്ങളാരും അങ്ങയുടെ മുഖം കാണാത്തരീതിയില്‍ മറച്ചുപിടിക്കുന്നത് പ്രതിപക്ഷം ബോധപൂര്‍വംചെയ്തതാണ്. ബോധപൂര്‍വം അങ്ങയെ സഭയുടെ മുന്നില്‍നിന്ന് മറയ്ക്കുകയായിരുന്നു. കേരളത്തില്‍ ഇതിനുമുന്‍പ് ഈരീതിയില്‍ നടന്നിട്ടില്ല.
മാത്രമല്ല, നമ്മുടെ രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള പാര്‍ലമെന്ററി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഇത്തരത്തില്‍ സ്പീക്കറെ പൂര്‍ണമായും സഭയുടെ ദൃശ്യത്തില്‍നിന്ന് മറച്ചുപിടിക്കുന്ന തരത്തില്‍ ഒരുപ്രവര്‍ത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തിയതായി ഇതേവരെ കണ്ടിട്ടില്ല. പ്രതിഷേധം പ്രതിഷേധത്തിന്റെ രൂപത്തില്‍ പലപ്പോഴും പ്രകടിപ്പിക്കപ്പെടാറുണ്ട്. ഈ സഭയില്‍ രണ്ടുദിവസം സഭാനടപടികളാകെ സ്തംഭിപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ എന്താണ് അവരുടെ ആവശ്യം? ഏത് പ്രതിപക്ഷത്തിനും സഭയില്‍ ആവശ്യങ്ങളുന്നയിക്കാം. സര്‍ അങ്ങ് പലവട്ടം ചോദിച്ചല്ലോ എന്താണ് ആവശ്യമെന്ന്. അവര്‍ ഇതേവരെ ഉന്നയിക്കാന്‍ തയ്യാറായോ. എന്താണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ഏത് പ്രശ്‌നത്തിനും വിശദീകരണം നല്‍കാനും മറുപടി പറയാനും ഞങ്ങള്‍ തയ്യാറാണല്ലോ. എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഇവിടെ ഉയര്‍ത്തിയ ചില ബാനറുകളില്‍ കാണാന്‍ കഴിഞ്ഞു, സഭയില്‍ ഭയമെന്ന്. അത് അവര്‍ക്കുള്ള ഭയമല്ലേ. ആ ഭയത്തിന്റെ ഭാഗമായല്ലേ അവര്‍ ഇവിടെ ഒരുപ്രശ്‌നവും ഉന്നയിക്കാതിരുന്നത്. ഉന്നയിക്കാന്‍ പല മാര്‍ഗങ്ങളുണ്ടല്ലോ. ചോദ്യോത്തരവേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം. ശ്രദ്ധക്ഷണിക്കലാകാം. സബ്മിഷനാകാം. അങ്ങനെ പല മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗം ഇതേവരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അതിന് കാരണം. അവര്‍ ഭയപ്പെടുന്നു.
വസ്തുതകളെ ഭയപ്പെടുന്നു. വസ്തുതകള്‍ അവര്‍ക്ക് വലിയ വിഷമകരമായരീതിയില്‍ ഉയര്‍ന്നുവരും. അത് ഭയപ്പെട്ടുകൊണ്ട് ഒന്നും സഭയില്‍ ഉന്നയിക്കാന്‍ തയ്യാറല്ല. അതേസമയം, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നു. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടേതായരീതികളുണ്ട്. ആ രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ സംവിധാനങ്ങളുമുണ്ട്. അതിനെയെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ഞങ്ങള്‍ അത്തരത്തിലുള്ള ഒരു പുകമറയെയും ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.ഇവിടെ ഉന്നയിക്കുന്ന പ്രശ്‌നം ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തന്നെ പരിശോധന നടക്കാനിടയായി. ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും ഞങ്ങളാകെയും സ്വീകരിച്ച നിലപാട് എന്താണ്. അതുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. ഞങ്ങള്‍ എല്ലാകാലത്തും ഒരുതരത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിക്കാന്‍ നിന്നിട്ടില്ല.
ആരു തെറ്റ് ചെയ്താലും ആ തെറ്റ്‌ചെയ്തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് ഞങ്ങള്‍ക്കുള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ ഞങ്ങളും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിശ്ചയിച്ചിരിക്കുന്നു. ആ സംഘം അന്വേഷണം ആരംഭിക്കുന്നു. അപ്പോള്‍ എന്താണ് പ്രതിപക്ഷത്തിന്റെ ഡിമാന്‍ഡ്. ആ ഡിമാന്‍ഡ് ഇവിടെ പറയുന്നില്ല. പക്ഷേ, ഇന്ന് അവര്‍ ഉയര്‍ത്തിയ ഒരു ബോര്‍ഡില്‍ കണ്ടു, ആ അന്വേഷണം സിബിഐയാണ് നടത്തേണ്ടതെന്ന്. അതിന്റെ പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.