ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ക്ലാസിക് ഫൈനൽ പോരാട്ടത്തിനു മുൻപ് ആശങ്കയ്ക്ക് വക നൽകി ഹാർദിക് പാണ്ഡ്യയുടെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും പരുക്ക്. ശ്രീലങ്കയ്ക്കെതിരായ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഫീൽഡിങ്ങിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാർദിക്കും അഭിഷേകും തിലകും നേരത്തെതന്നെ ഗ്രൗണ്ട് വിട്ടിരുന്നു.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഹാർദിക് ഒരു ഓവർ മാത്രമാണ് പന്തെറിഞ്ഞത്. പിന്നാലെ പേശിവലിവ് കാരണം താരം കളംവിടുകയായിരുന്നു. നിലവിൽ അഭിഷേകും തിലകും ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ഹാർദിക്കിന്റെ ആരോഗ്യസ്ഥിതി ഇന്നു വീണ്ടും പരിശോധിക്കുമെന്നുമാണ് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കലിന്റെ പ്രതികരണം.
അതേസമയം ശ്രീലങ്കയ്‌ക്കെതിരെ സൂപ്പർ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ നിന്ന് രണ്ടു മാറ്റം എന്തായാലുമുണ്ടാകും. കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ചിരുന്ന പേസർ ജസ്പ്രീത് ബുമ്രയും ഓൾറൗണ്ടർ ശിവം ദുബെയും തിരിച്ചെത്തും. അങ്ങനെയായാൽ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും പുറത്താകും. എന്നാൽ ഹർദിക് പാണ്ഡ്യയില്ലെങ്കിൽ അർഷ്‌ദീപിന് അവസരം ലഭിച്ചേക്കും.
സാധ്യതാ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ / അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.