ഇതിൽ എന്തു വ്യക്തതവേണം രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്ക്. അതിനുള്ള നേർ സാക്ഷ്യമല്ലേ രാഹുലിന്റെ ആരോപണങ്ങളിൽ അവസാനം നടപടിയെടുക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, അവസാനം അക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ് രാഹുലിന്റെ ഈ പോരാട്ട വിജയം. ഈ രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന നെഹ്റുവിന്റെ പിന്മുറക്കാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വോട്ടുകൊള്ളക്കാർക്ക് ഇനി മുട്ടുമടക്കേണ്ടി വരും.
മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇനി മുതൽ ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും നീക്കം ചെയ്യുന്നതും ഇ- സൈൻ നിർബന്ധമാക്കിയിരിക്കുന്നു. മാത്രവുമല്ല ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ വോട്ട് പട്ടിയിൽ നിന്നും പേരുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. അതായത് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ ഒടുവിൽ നടപടിയെടുക്കുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ രാഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങളെ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടികൾ.
കർണാടകയിലെ അലാൻഡ് നിയോജക മണ്ഡലത്തിൽ കേന്ദ്രീകൃതമായി വലിയ രീതിയിൽ വോട്ടർപട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കിയെന്ന് രാഹുൽ പറഞ്ഞത് തെളിവുകൾ മുൻനിർത്തിയായിരുന്നു. ഇതിൽ പ്രധാനമായും രാഹുൽ ചൂണ്ടിക്കാട്ടിയത് വോട്ട് നീക്കം ചെയ്യാനായി അപേക്ഷ നൽകിയ ആളോ, വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ട ആളോ ഇങ്ങനെ ഒരു അപേക്ഷയെ പറ്റി അറിഞ്ഞിട്ടുകൂടിയില്ല എന്നതായിരുന്നു. ബൂത്തിലെ ആദ്യ വോട്ടറുടെ പേര് ഉപയോഗിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തിൽ വോട്ടുകൾ നീക്കം ചെയ്തത് എന്നും രാഹുൽ തെളിവുകൾ നിരത്തി വിശദീകരിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണത്തോടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യ പ്രതികരണം ഓൺലൈനായി വോട്ട് ഡിലീറ്റ് ചെയ്യാൻ ആകില്ലെന്ന ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴി ഏതൊരു പൗരനും വോട്ട് നീക്കം ചെയ്യുന്നതിനായ അപേക്ഷ നൽകാൻ കഴിയുമെന്ന് കോൺഗ്രസ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ തിരിച്ചടിച്ചിരുന്നു.
നിലവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി രാഹുലിന്റെ ആരോപണത്തെ ശരിവെക്കുന്നത് തന്നെയാണ്. വോട്ടർ പട്ടികയിൽ ഓൺലൈനായി പേര് ചേർക്കുന്നതിനും, തിരുത്തുന്നതിനും, ഒഴിവാക്കുന്നതിനും ഇ സൈൻ നിർബന്ധമാക്കുന്നതിലൂടെ അലാൻഡയിൽ കണ്ടതിന് സമാനമായ രീതിയിൽ വ്യാജ അപേക്ഷകൾ നൽകുന്നതിനെ ഒരു പരിധിവരെ തടയാൻ സാധിക്കും. സോഫ്റ്റ്‌വെയറുകളെ ഉപയോഗപ്പെടുത്തി വോട്ടർ പട്ടികയിലെ ആദ്യ വോട്ടറുടെ പേര് വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അപേക്ഷകൾ നൽകുന്നത് എന്ന് രാഹുൽ പറഞ്ഞിരുന്നു, ഇത്തരത്തിലുള്ള മോഷണത്തിന് തടയിടുന്ന നടപടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്. ഓൺലൈനായി വോട്ട് ഡിലീറ്റ് ചെയ്യാൻ ആകില്ലെന്നതു പോലെയുള്ള മറുപടികൾ നൽകി ഈ വിഷയത്തിൽ നിന്നും ഇനിയും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും ബോധ്യപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് ഈ നടപടി സൂചിപ്പിക്കുന്നത്.
കർണാടകയിലെ അലാൻഡിൽ വോട്ടു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഗോദ ഭായി എന്ന സ്ത്രീ ഓൺലൈനായി സമർപ്പിച്ചത് 12 അപേക്ഷകൾ ആയിരുന്നു. താൻ ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിച്ചിട്ടില്ല എന്ന് ഗോദ ഭായി തന്നെ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതായത് ഗോദഭായിയുടെ പേരും വിവരങ്ങളും ഉപയോഗിച്ചുകൊണ്ട് മറ്റാരോ നൽകിയതാണ് ഈ 12 അപേക്ഷകളും. 12 അപേക്ഷകൾ നൽകാൻ ഉപയോഗിച്ചത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 12 മൊബൈൽ നമ്പരുകൾ ആയിരുന്നു. എന്തുകൊണ്ടാണ് ഈ വോട്ട് മോഷണത്തിന് പിന്നിൽ കേന്ദ്രീകൃതമായ ഒരു സംവിധാനമാണ് എന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നത എന്ന് വ്യക്തമാക്കുന്നതാണ് ഗോദ ഭായിയുടെ അപേക്ഷകൾ. വോട്ടറുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ചാൽ മാത്രമേ ഇനി മുതൽ പേരുകൾ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമ്പോൾ അവിടെ വിജയിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണ്.
ഈ നിയമം നടപ്പിലായാൽ രാജ്യത്തിന്റെ ഏതെങ്കിലും സംസ്ഥാനത്തിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യാനായി അപേക്ഷകൾ നൽകാൻ കഴിയില്ല. വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ അപേക്ഷ നൽകാൻ സാധിക്കുകയുള്ളൂ എന്ന് വരുന്നതിലൂടെ ഓൺലൈനായി ഉള്ള വോട്ട് ഒഴിവാക്കൽ അപേക്ഷ പ്രക്രിയയ്ക്ക് കൂടുതൽ സുതാര്യ കൈവരുന്നു. രാഹുൽ ഗാന്ധി സംസാരിച്ചതും, ശബ്ദമുയർത്തിയതും ഈ പറയുന്ന തിരഞ്ഞെടുപ്പ് സുതാര്യതയ്ക്ക് വേണ്ടി തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ രാഹുൽ ഗാന്ധി നയിക്കുന്നത മഹാപോരാട്ടത്തിന് ലഭിച്ചആദ്യ വിജയമായി തന്നെ ഈ നടപടിയെ കാണണം. രാഹുൽ ഗാന്ധിയെ പരിഹസിച്ചവർക്കും രാഹുൽഗാന്ധിയെ ആക്രമിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണിത്. രാഹുൽ ഉന്നയിക്കുന്നത് അതീവ ഗൗരവമുള്ള വിഷയങ്ങൾ ആണെന്നും, അയാളുടെ ആരോപണങ്ങൾ ശരിയായിരുന്നു എന്ന് അടയാളപ്പെടുത്തുന്നതാണ് ഈ നടപടി. രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള രാഹുലിന്റെ പോരാട്ടത്തിന് ഇത് കൂടുതൽ കരുത്തേകും. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഹുൽ ഗാന്ധി എന്ന് നിസംശയം പറയാം.
36 സെക്കൻഡുകൾ കൊണ്ട് വോട്ട് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കപ്പെടുന്നു എന്നത് തന്നെ എങ്ങനെയാണ് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനും ഉപയോഗിച്ചുകൊണ്ട് ചിലരൊക്കെ ചേർന്ന് വോട്ടർ പട്ടികയെ വലിയ രീതിയിൽ അട്ടിമറിക്കുകയാണ്. ആ ചിലർ ആരാണെന്ന് അറിയണമെങ്കിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക പോലീസ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ആ വിവരങ്ങൾ നൽകാൻ സന്നദ്ധത കാണിക്കാത്തതുകൊണ്ടാണ് വോട്ട് മോഷണം നടത്തുന്നവരെ ഗ്യാനേഷ് കുമാർ എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഹായിക്കുകയാണ് എന്ന് രാഹുൽ ആരോപിക്കുന്നത്. ഈ വോട്ട് മോഷണത്തിന് പിന്നിൽ ആരാണെന്ന് അറിയേണ്ടത് കേവലം രാഹുൽഗാന്ധിയുടെ മാത്രം ആവശ്യമല്ല, ഈ രാജ്യത്തിന്റെ മുഴുവൻ ആവശ്യമാണ്.
തിരഞ്ഞെടുപ്പിൽ ആര് ജയിക്കുന്നു, ആര് തോൽക്കുന്നു എന്നതൊക്കെ മറ്റൊരു വിഷയമാണ്. ഇവിടെ ജനങ്ങൾ ആഗ്രഹിക്കുന്ന ആളുകൾ തന്നെയാണോ വിജയിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ജനങ്ങളുടെ ആഗ്രഹത്തിനെതിരായി തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു കൊണ്ട് ഇവിടെ മറ്റൊരു തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാവുന്നത് എങ്കിൽ അത് തകർക്കുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെയാണ്. രാജ്യം അത് മനസ്സിലാക്കുന്നത് കൊണ്ടാവും രാഹുലിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ ബീഹാറിന്റെ തെരുവോരങ്ങളിൽ നിറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ നടപടികൾ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ കൂടുതൽ ക്തിപ്പെടുത്തുന്നതാണ്. രാഹുലും അദ്ദേഹത്തിന്റെ പോരാട്ടവും സത്യത്തിനു വേണ്ടിയാണ് എന്ന് രാജ്യത്തോട് സംവദിക്കുന്നതാണ് ഈ നടപടി. ഈ രാജ്യത്തെ ജനാധിപത്യത്തെ ഒരു കൂട്ടം വോട്ട് മോഷ്ടാക്കൾ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ഈ രാജ്യത്തെ ജനങ്ങളെ അണിനിരത്തി രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിന്റെ പ്രാധാന്യം എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട് കമ്മിഷന്റെ നടപടി. എന്തായാലും ഒന്നുറപ്പാണ് രാഹുലിന്റെ ഈ പോരാട്ടത്തിനൊടുവിൽ വിജയിക്കാൻ പോകുന്നത് ഇന്ത്യൻ ജനാധിപത്യവും ഇവിടുത്തെ ജനങ്ങളുമായിരിക്കും.