ഇരിട്ടി: മരണം ഇങ്ങനെ കൺമുന്നിൽ നിൽക്കുമ്പോൾ വയസോ, അസുഖങ്ങളോ നോക്കില്ല, പ്രാണൻ രക്ഷപ്പെടുത്താനുള്ള വഴിയേ തേടു. അങ്ങനെ മരണത്തെ മുഖാഭിമുഖം കണ്ടാണ് വള്ളിക്കാവുങ്കൽ അപ്പച്ചൻ (മാത്യു) എന്ന 68 കാരൻ വീണ്ടും ജീവിതത്തിലേക്ക് നടന്നത്. ഇന്നലെ കുരങ്ങിനെ തുരത്താനുള്ള ഏറുപടക്കവും സിഗരറ്റ് ലൈറ്ററുമായി അട്ടയോലി മലയിലെത്തിയതായിരുന്നു പാപ്പച്ചൻ ചേട്ടൻ,
ലക്ഷ്യം ശല്യക്കാരായ കുരങ്ങുകളെ തുരത്തുക. ഇതിനിടെ ബന്ധുവിന്റെ പറമ്പിൽ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചൻ കണ്ടത് കൈകൾ നീട്ടിവച്ച് മരച്ചുവട്ടിൽ വിശ്രമിക്കുന്ന കൂറ്റൻ കടുവയെ. കടുവയും അപ്പച്ചനും തമ്മിൽ ചെറിയ അകലം മാത്രം. കാട്ടുപന്നിയെ കൊന്നുതിന്ന് വയർ നിറച്ച കടുവ മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. ഒരു വർഷം മുൻപ് ഒടിഞ്ഞ് കൈവെച്ചുകെട്ടിയതോ, പ്രായമോ ഒന്നും നോക്കിയില്ല, സമീപത്തെ കശുമാവിലേക്ക് പാഞ്ഞു കയറി… ജീവനും മരണത്തിനുമിടയിൽ പാപ്പച്ചൻ ചേട്ടനും കടുവയും മുഖത്തോട് മുഖം നോക്കി നിന്നത് ഏതാണ്ട് മുക്കാൽ മണിക്കൂർ.
ആദ്യം സഹായത്തിന് അലറിവിളിച്ചെങ്കിലും ആരും കേൾക്കാനുണ്ടായിരുന്നില്ല. പിന്നാലെ കയ്യിലുണ്ടായിരുന്ന ഫോണിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് ആളെത്തിയത്. ഈ സമയമത്രയും പന്നിയെ തിന്ന് വയറുനിറഞ്ഞതിനാൽ കടുവ കിടന്നകിടപ്പിൽ നിന്നെഴുന്നേറ്റില്ലായെന്നും പാപ്പച്ചൻ ചേട്ടൻ പറയുന്നു. ഇതിനിടെ അങ്ങാടിക്കടവ് ടൗണിൽനിന്ന് ചുമട്ടുതൊഴിലാളി ജയ്സന്റെയും ഡ്രൈവർ ചന്ദ്രന്റെയും നേതൃത്വത്തിൽ ഏതാനുംപേർ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ആൾക്കാരെ കണ്ടതോടെ കടുവ സാവധാനം എഴുന്നേറ്റുപോയി. അതേസമയം സംഭവ സ്ഥലം പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധിച്ചു.