കാസർഗോഡ്: മയക്കുമരുന്നു കേസ് അന്വേഷണ ഉദ്യോഗസ്ഥന് ടിപ്പർ ലോറിയിടിച്ച് ദാരുണാന്ത്യം. ബേക്കൽ ഡിവൈഎസ്പി ഡാൻസാഫ് സ്വാഡ് അംഗമായ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി കെ.കെ. സജീഷ് (42) ആണ് മരിച്ചത്. നാലാംമൈലിൽ ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം.
സജീഷിനൊപ്പം കൂടെയുണ്ടായിരുന്ന സുഭാഷ് ചന്ദ്രൻ പരുക്കുകളോടെ രക്ഷപ്പെട്ടു. നാലാം മൈൽ അണ്ടർ പാസേജിന്റെ തെക്ക് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറവേയാണ് ചെർക്കള ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ടിപ്പർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഇടത് സൈഡ് പൂർണമായി തകർന്നു. ഇടതുഭാഗത്തുതന്നെയായിരുന്നു സജീഷ് ഇരുന്നിരുന്നതും.
ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും പുറത്തെടുത്തത്. അപ്പോഴേക്കും സജീഷ് മരിച്ചിരുന്നു. മാരുതി ഓൾടോ കാറാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ സുഭാഷിനെ നാട്ടുകാർ തന്നെ ഇകെ നയനാർ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും മേൽപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു. കേസിലെ പ്രതിയായ ചട്ടഞ്ചാൽ സ്വദേശി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഡോ. മുഹമ്മദ് സുനീർ രക്ഷപ്പെട്ടു. ഇയാൾ കാസർകോട് ഭാഗത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷിച്ച് പോകുന്നതിനിടെയാണ് ടിപ്പർ ഇടിച്ചത്.
അപകടകരമായി വാഹനം ഓടിച്ച ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ജില്ലാ പോലീസ്ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം സംസ്കരിക്കും. ഷൈനിയാണ് സജീഷിന്റെ ഭാര്യ. മക്കൾ: ദിയ (ആറാം ക്ലാസ് വിദ്യാർഥി), ദേവനന്ദൻ (എൽകെജി).