ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പൊലീസ് കേസെടുത്തു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. മകളുടെ കോച്ചായ അഭയ് 4 വർഷം മുൻപ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് യുവതിയുമായി സൗഹൃദത്തിലായത്.
തുടർന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന 2 വർഷം മുൻപ് വാടകവീടെടുത്ത് ഒപ്പം താമസിപ്പിച്ചു. വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് പരാതി. സ്വകാര്യ രംഗങ്ങൾ അഭയ് ഫോണിൽ ചിത്രീകരിച്ചെന്നു യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം, വസ്തുതർക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്‌യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പിൽ അവകാശപ്പെടുന്നുണ്ട്. യുവതിയെ വിവാഹം കഴിക്കാൻ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്.