തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം നടത്തി, ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയോധിക ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ഗൃഹനാഥനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ സി ഭവനിൽ ചന്ദ്രിക, സമീപവാസിയായ സുനിൽകുമാർ, കാഞ്ഞിരംകുളം മല്ലൻകുളം സ്വദേശി ഷൈജു, കാഞ്ഞിരംകുളം തടത്തിക്കുളം സ്വദേശി രാകേഷ്, ഉച്ചക്കട സ്വദേശി അനൂപ് എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവരും കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് വാതിൽ ചവിട്ടിത്തുറന്ന് സംഘം വീട്ടിൽ കയറിയത്. തുടർന്നു ഉച്ചക്കട ആർസി ഭവനിൽ വിശ്വാമിത്രനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകായിരുന്നു. വിശ്വാമിത്രൻറെ തന്നെ കാറിൽ കയറ്റിയാണ് സംഘം ഇയാളെ കൊണ്ടുപോയത്. തുടർന്ന് പുന്നവിളഭാഗത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നു. ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ചന്ദ്രികയാണെന്നു പോലീസ് പറയുന്നു. രണ്ട് വർഷം മുൻപ് വാങ്ങിയ വീടിനെ ചൊല്ലിയുള്ള തർക്കമാണ് ക്വട്ടേഷനു പിന്നിൽ. ചന്ദ്രികയുടെ മരുമകൾ വീടും സ്ഥലവും വിശ്വാമിത്രന് മൂന്ന് കോടിക്ക് വിറ്റിരുന്നു. എന്നാൽ ഈ സ്ഥലത്തിന് നാല് കോടി രൂപ മതിപ്പു വിലവരുമെന്നു പറഞ്ഞ്, മരുമകൾ വിറ്റ വീട്ടിൽ ചന്ദ്രിക കയറി താമസിക്കുകയായിരുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെങ്കിലും താക്കോൽ നൽകിയിരുന്നില്ല. താൻ വാങ്ങിയ വീട്ടിൽ ചന്ദ്രിക കയറി താമസിക്കുന്നത് അറിഞ്ഞ് വിശ്വാമിത്രനും ഭാര്യയും ഇവിടേക്ക് താമസം മാറ്റി. തുടർന്ന് ഇരുവിഭാഗവും കോടതിയെ സമീപിച്ചു.
ഇതിനിടെ വിശ്വാമിത്രനെ വീട്ടിൽ നിന്നും ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടുകയും ഒന്നേകാൽ ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് അനൂപിൻറെ സുഹൃത്തുക്കളും പരിചയക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ വിശ്വാമിത്രന്റെ ഭാര്യ പുറത്തുപോയ തക്കം നോക്കി ചന്ദ്രിക മറ്റ് പ്രതികളെ ഫോണിൽ വിവരമറിയിച്ചാണ് വീട്ടിലേക്കെത്തിച്ചത്.
തുടർന്നു വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇരുമ്പ് കമ്പിയും തടിക്കഷ്ണവും കൊണ്ട് ആക്രമിക്കുകയും കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതര സംസ്ഥാനക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.