ടെൽ അവീവ്: ഹമാസിനെ എന്തുവിലകൊടുത്തും ഇല്ലാതാക്കുമെന്നും തങ്ങൾ ആ ലക്ഷ്യം നേടുമെന്നും ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ കൈകളിൽ നിന്ന് ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും ഗാസ ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പ്രതിരോധ സേനയെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതുപോലെ ഇസ്രയേൽ ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണ്. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണം, അതിന് ഇസ്രായേലിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയെ പിടിച്ചെടുക്കാനുളള പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമർശം. യു കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം.
പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്നും ഭൂമുഖത്തുനിന്നേ തുടച്ചുനീക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയത്. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യു കെയും കാനഡയും ഓസ്ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്.