അഹമ്മദാബാദ്: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗ് സർപ്രൈസായി പരിശോധിക്കാനെത്തിയ അധ്യാപകർ ഞെട്ടി. കണ്ടെത്തിയത് മദ്യവും കോണ്ടവും ബ്ലേഡുമുൾപ്പടെയുള്ള വസ്തുക്കൾ. സെവൻത്-ഡേ അഡ്വെൻ്റിസ്റ്റ് (SDA) ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന്, സ്കൂൾ ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകർ പരിശോധനകൾ നടത്തിയത്.
സംഭവം മാതാപിതാക്കളെ അറിയിച്ചപ്പോൾ അധ്യാപകർ വീണ്ടും സർപ്രൈസ്ഡായി. കുട്ടികളുടെ സ്കൂൾ ബാഗുകളിൽ നിന്നും കണ്ടെത്തിയ വസ്തുക്കൾ അസ്വഭാവികവും ഞെട്ടലുളവാക്കുന്നതുമാണെങ്കിലും അതിനെ ഗൗരവകരമായി കാണേണ്ട ആവശ്യമില്ല എന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം.
അതേസമയം അഹമ്മദാബാദിലെ പല സ്കൂളുകളിലും ഇപ്പോൾ ഇത്തരത്തിൽ സർപ്രൈസ് ബാഗ് പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് ഗർഭനിരോധന ഉറകൾ, വെള്ളക്കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ മദ്യം, വേപ്പിംഗ് ഉപകരണങ്ങൾ, സിഗരറ്റുകൾ, ബ്ലേഡുകൾ തുടങ്ങിയ പല വസ്തുക്കളും അധ്യാപകർ കണ്ടെത്തി. ഈ കണ്ടെത്തലുകൾ സുരക്ഷാ പ്രശ്നങ്ങൾ മാത്രമല്ല, വിദ്യാർത്ഥികളുടെ പെരുമാറ്റ വൈകല്യങ്ങളും ചൂണ്ടിക്കാണിക്കുന്നതായി സ്കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പറഞ്ഞു.
സംഭവത്തോടു പ്രതികരിച്ചുകൊണ്ട് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) നഗരത്തിലെ എല്ലാ സ്കൂളുകളിലും ഇടയ്ക്കിടെ ബാഗ് പരിശോധന നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടു. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുൾപ്പെട്ട അച്ചടക്ക സമിതികൾ രൂപീകരിക്കാനും ഉത്തരവിട്ടു.
എന്നാൽ, രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വ്യത്യസ്ത അഭിപ്രായമാണ് ഇപ്പോഴത്തെ മറ്റൊരു ചർച്ചാവിഷയം. ഇത്തരം വസ്തുക്കൾ വിദ്യാർത്ഥികളുടെ കയ്യിൽ കാണുന്നത് കുട്ടികളുടെ വളർച്ചാഘട്ടത്തിന്റെ ഭാഗമാണെന്ന് ചില രക്ഷിതാക്കൾ വാദിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാർ സ്കൂളിന് പുറത്തുള്ള പല സ്വാധീനങ്ങൾക്കും വിധേയരാകുന്നുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ചുരുക്കം ചില മാതാപിതാക്കൾ മാത്രമാണ് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്.
അതേസമയം വിഷയത്തെ ഗൗരവകരമായി തന്നെ കാണണം എന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ബാഗ് പരിശോധനകൾക്ക് പുറമെ കൗൺസിലിംഗ്, ബോധവത്കരണ പരിപാടികൾ, സ്കൂളുകളിലും വീടുകളിലും വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറഞ്ഞു.