ലഖ്നൗ: ബോളിവുഡ് നടി ദിഷ പഠാണിയുടെ വീടിനു നേരെ വെടിയുതിർത്ത പ്രതികൾ ഉപയോഗിച്ചത് പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയും നേപ്പാളിലൂടെ കാർഗോ വഴിയും ഇന്ത്യയിലേക്ക് കടത്തിയ സിഗാന, ഗ്ലോക്ക് പിസ്റ്റളുകളെന്ന് പോലീസ് കണ്ടെത്തൽ. ഗാസിയാബാദിൽ വെച്ച് കൊല്ലപ്പെട്ട അരുൺ, രവീന്ദ്ര എന്നീ ഷൂട്ടർമാരുടെ കയ്യിൽ നിന്ന് സിഗാന, ഗ്ലോക്ക് പിസ്റ്റളുകൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
അതേപോലെ ഗോൾഡി ബ്രാർ സംഘവുമായി ബന്ധമുള്ള അഞ്ച് ഷൂട്ടർമാരാണ് വെടിവെപ്പിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്. ഇതിൽ രണ്ടുപേരാണു പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയ് സംഘങ്ങളിലെ അംഗങ്ങൾ ഈ പിസ്റ്റളുകൾ കൂടുതലായി ഉപയോഗിച്ച് വരുന്നതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയും നേപ്പാളിലൂടെ കാർഗോ വഴിയും ഇന്ത്യയിലേക്ക് കടത്തിയ ഇതേ സിഗാന മോഡൽ പിസ്റ്റൾ, ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെയും ഗായകൻ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
അതേസമയം സിഗാന പിസ്റ്റളുകൾ സാധാരണയായി പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയോ നേപ്പാളിൽ നിന്ന് എയർ കാർഗോ വഴിയോ ആണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അധികൃതർ പറയുന്നു. നേപ്പാളിൽ നിന്നെത്തുന്ന പിസ്റ്റളുകൾക്ക് 6 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ, ഡ്രോൺ വഴി വിതരണം ചെയ്യുന്ന 4 ലക്ഷം രൂപയുടെ സിഗാനയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന്റെ പ്രത്യേകത ഭാരം കുറവും ഒരേ സമയം 15 ബുള്ളറ്റുകൾ വരെ വെടിയുതിർക്കാൻ കഴിയുമെന്നതുമാണ്. മാത്രമല്ല ഇവ എളുപ്പത്തിൽ ചൂടാകുകയുമില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
നടിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള അക്രമികളുടെ നീക്കങ്ങൾ കണ്ടെത്താൻ അധികൃതർ 2,000-ത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ, ഷൂട്ടർമാർ സെപ്റ്റംബർ 11-ന് ബറേലിയിലെത്തിയെന്നും കറുത്ത സ്പ്ലെൻഡർ, വെളുത്ത അപ്പാഷെ എന്നീ രണ്ട് മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് നടിയുടെ വസതിക്ക് പുറത്ത് നിരീക്ഷണം നടത്തിയെന്നും കണ്ടെത്തി. ആദ്യം അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും ഒരാൾ അസുഖം കാരണം മടങ്ങിപ്പോയതിനാൽ നാലുപേർ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.