ന്യൂഡൽഹി: അസാമിൽ നിന്നു മുസ്ലിങ്ങളെ ഇല്ലാതാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന എഐ വീഡിയോയുമായി ബിജെപി. ഇസ്‌ലാമോഫോബിക് ഉളളടക്കമുളള എ ഐ വീഡിയോ സമൂഹമാധ്യമമായ എക്‌സിലാണ് ‘അസം വിത്തൗട്ട് ബിജെപി’ എന്ന പേരിൽ പങ്കുവെച്ചിരിക്കുന്നത്. അസമിൽ ബിജെപി ഇല്ലെങ്കിൽ മുസ്ലിം മതവിശ്വാസികളുടെ എണ്ണം വൻ തോതിൽ വർധിക്കും, ബീഫ് നിയമ വിധേയമാകും, നഗരങ്ങൾ മുസ്ലിം മതവിശ്വാസികൾ കയ്യടക്കും, എന്നീ തരത്തിലുള്ള സന്ദേശങ്ങളാണ് എഐ വീഡിയോയിൽ പറയുന്നത്. വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്.
‘അസമിൽ ബിജെപി ഇല്ലെങ്കിൽ ബീഫ് നിയമവിധേയമാക്കും. പാക്കിസ്ഥാൻ ലിങ്ക് പാർട്ടിയുണ്ടാകും. ഗുവാഹത്തി എയർപോർട്ടും അക്കോലാൻഡും സ്‌റ്റേഡിയവും രംഗ് ഘറും ഗുവാഹത്തി നഗരവും മുസ്‌ലീം മതവിശ്വാസികൾ കയ്യടക്കും. നുഴഞ്ഞുകയറ്റം വർധിക്കും. ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലീങ്ങളാകും. അതിനാൽ കരുതലോടെ വോട്ട് ചെയ്യണം’: എന്നാണ് ബിജെപി പുറത്തിറക്കിയ എ ഐ വീഡിയോയിൽ പറയുന്നു. കൂടാതെ പാക് ബന്ധമുളള പാർട്ടി എന്ന തരത്തിൽ കാണിച്ച ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധി ഒരു ഉദ്യോഗസ്ഥന് അരികിൽ നിൽക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. ഇത് പാക് ബന്ധമുളള പാർട്ടിയായി കോൺഗ്രസിനെ ചിത്രീകരിക്കുന്നതാണെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം, മുസ്ലിം മുക്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു.