ദുബായ്: എയറുപിടിത്തം വിട്ട് ഏഷ്യാകപ്പിൽ യുഎഇയ്‌ക്കെതിരായ മത്സരത്തിന് തയാറായി പാക്കിസ്ഥാൻ. ബഹിഷ്‌കരണത്തിന്റെ വക്കോളമെത്തിയ അതി നാടകീയ രംഗങ്ങൾക്കൊടുവിലാണ് പാക്കിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് പാക്കിസ്ഥാൻ കളത്തിലിറങ്ങിയത്. തുടക്കത്തിൽ പാക് ടീം പ്രതിഷേധവുമായി ഹോട്ടലിൽ തന്നെ തങ്ങിയതിനാൽ മുൻ നിശ്ചയിച്ചതിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. യുഎഇയ്ക്കായിരുന്നു ടോസ്.
ഇതിനിടെ ഹസ്തദാന വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവന ഇറക്കി. നേരത്തെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തെ തുടർന്ന് ടീം പിൻമാറുമെന്നു വാർത്തകൾ വന്നിരുന്നു.
സെപ്റ്റംബർ 14-ലെ സംഭവം ആശയവിനിമയത്തിലെ പിഴവുമൂലം ഉണ്ടായതാണെന്ന് ആൻഡി പൈക്രോഫ്റ്റ് പറയുകയും മാപ്പ് പറയുകയും ചെയ്തു. ഇന്ത്യ– പാക്കിസ്‌ഥാൻ മത്സരത്തിലെ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നേരത്തെ ഇന്ത്യയ്‌ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പിൽനിന്ന് മാറ്റി നിർത്തണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും ചട്ടപ്രകാരം, മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റന്മാരോടു നിർദേശിക്കാൻ പൈക്രോഫ്റ്റിന് അധികാരമില്ലെന്നുമാണ് പിബിസിയുടെ പരാതി.
എന്നാൽ ഏതുവിധേനയും ഇന്നത്തെ കളി നടക്കുമെന്ന് ഐസിസിയും വ്യക്തമാക്കിയിരുന്നു. ഒടുവിൽ പിസിബിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഭീഷണിക്ക് വഴങ്ങേണ്ടിവരികയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം യുഎഇയ്ക്കെതിരെ ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 16.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ്.