തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.
എന്നാല്‍ ബിജെപിയുടെ പോസ്റ്ററിനെ വിമര്‍ശിച്ച് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ രംഗത്തുവന്നു. ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനോ വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്നും ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.