തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുകയാണ്. രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടിൽ തപ്പുകയാണെന്നും എൻ ഷംസുദ്ദീൻ വിമര്‍ശിച്ചു. മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നിൽക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്.
മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. യഥാർത്ഥ കണക്ക് മറച്ചുവച്ച് മേനി നടിക്കുകയാണ്.കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല. നമ്പർ വൺ കേരളം എന്ന് പറയുന്നതിൽ അർഥമില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി