ലക്നൗ: ഒരേ പേരിൽ, ഒരേ വകുപ്പിൽ ആറിടത്ത് ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. ഒൻപത് വർഷമായി യുപി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന അർപിത് സിങ്ങാണ് വൻതുക ശമ്പളമായി തട്ടിയെടുത്തത്. യുപിയിൽ ആറ് ജില്ലകളിൽ എക്സ്-റേ ടെക്നിഷ്യനായിട്ടാണ് ആഗ്ര സ്വദേശി അർപിത് സിങ് ജോലി ചെയ്തത്. ആധാർ ഉപയോഗിച്ചുള്ള ഓൺലൈൻ വെരിഫിക്കേഷനിലാണ് തട്ടിപ്പ് പുറത്തായത്. മാസം 69,595യാണ് ശമ്പളമായി അർപിത് സിങ്ങിന് ലഭിച്ചിരുന്നത്. എന്നാൽ വ്യാജ നിയമന ഉത്തരവുകളും ആധാർ കാർഡുകളും നിർമിച്ച് സമാന തസ്തികയിൽ ആറ് ജില്ലകളിൽ ഇയാൾ ജോലി നേടുകയായിരുന്നു. എല്ലായിടത്തും ഒരേ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഏകദേശം 4.5 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാരിൽ നിന്ന് ശമ്പളമായി തട്ടിയെടുത്തത്. 2016ലാണ് യുപി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ കമ്മിഷൻ എക്സ്-റേ ടെക്നിഷ്യൻ തസ്തികകളിലേക്ക് 403 ഉദ്യോഗാർഥികളെ നിയമിച്ചത്. ഇക്കൂട്ടത്തിലാണ് അർപിത് സിങ്ങും ജോലിയിൽ പ്രവേശിച്ചത്. തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.