ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് ഉൽപാദന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പോലീസ്. സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും ക്ലാസ് റൂമുകൾ പ്രവർത്തിച്ചപ്പോൾ രണ്ടാംനില മുഴുവനായും ലഹരിമരുന്നു നിർമാണ കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ സ്കൂൾ ഡയറക്ടർ മലേല ജയപ്രകാശ് ഗൗഡ് ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സ്കൂളിന്റെ മറവിൽ ഡയറക്ടറുടെ നേതൃത്വത്തിൽ ലഹരിമരുന്ന് നിർമാണം നടത്തുകയായിരുന്നെന്ന് പോലീസ്.
കള്ളിൽ മായംകലർത്താൻ ഉപയോഗിക്കുന്ന നിരോധിത വസ്തുവായ അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് ഇവിടെ നിർമിച്ചുകൊണ്ടിരുന്നത്. സ്കൂളിന്റെ രണ്ടാംനിലയിലാണ് കെമിസ്ട്രി ലാബ്. ഇവിടം പരിശോധിച്ച തെലങ്കാന പോലീസിന്റെ ലഹരി വിരുദ്ധ സേനയായ ‘ഈഗിൾ’ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളുമാണ്. ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്ന ലഹരിമരുന്ന് വിവിധ മദ്യ ഡിപ്പോകൾക്കാണു വിറ്റിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്ന് ഏഴു കിലോഗ്രാം അൽപ്രാസൊലാം, വൻ തോതിൽ അസംസ്കൃത രാസവസ്തുക്കൾ, 21 ലക്ഷം രൂപ, നിർമാണ ഉപകരണങ്ങൾ എന്നിവ പേലീസ് പിടിച്ചെടുത്തു. ആറു മാസമായി ഈ നിർമാണ കേന്ദ്രം സ്കൂളിൽ പ്രവർത്തിച്ചിരുന്നുവെന്നാണു പോലീസ് പറയുന്നു. ഇവിടെ നിർമിക്കുന്ന ലഹരി മരുന്നുകൾ സ്കൂൾ അവധി ദിവസമായ ഞായറാഴ്ചകളിൽ പ്രതികൾ പുറത്തേക്കു കടത്തിയിരുന്നതന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.