തൊടുപുഴ: സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ ഒഴിവാക്കിയത് മനഃപൂർവമാണെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെടുന്ന പ്രായപരിധി 75 വയസ്സ് ആയിരിക്കെയാണ് 72 വയസ്സുള്ള ശിവരാമനെ പാർട്ടി തഴഞ്ഞത്.
പ്രായപരിധിയല്ല കാരണം. മനഃപൂർവം ഒഴിവാക്കിയതാണെന്ന് കെ.കെ.ശിവരാമൻ പറഞ്ഞു
അവരുടെ പല കാര്യങ്ങൾക്കും ഞാനൊരു തടസ്സമാകാം എന്നു തോന്നിക്കാണും. ഇടുക്കി ജില്ലയിലെ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിനെതിരെയും സർക്കാരിനെതിരെയും പ്രതികരിച്ചിട്ടുണ്ട്. അതും കാരണമാകാം. നിലവിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ, ഒഴിവാക്കാൻ കാരണം അതല്ല.
ഇത് പെട്ടെന്നുള്ള പാർട്ടി തീരുമാനമല്ല. എനിക്കു നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. പുറത്താക്കുമെന്ന് ഉറപ്പായാണ് ആലപ്പുഴയിലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. വലിയ ഗൗരവമായി കാണുന്നില്ല. മുന്നോട്ടും ഇതേ നിലപാട് തന്നെ സ്വീകരിക്കും. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും.
24 വർഷം സംസ്ഥാന കൗൺസിലിലും 6 വർഷം സംസ്ഥാന എക്സിക്യൂട്ടീവിലും ഉണ്ടായിരുന്നു. 14 വർഷത്തോളം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി. നിലവിൽ ജില്ലാ കൗൺസിൽ അംഗമാണ്. ഏതു സ്ഥാനമാണോ അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു