പാലക്കാട്: മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ 20 കോച്ചുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോൾ ഒാടിക്കൊണ്ടിരുന്ന 16 കോച്ച് വന്ദേഭാരത് റേക്ക് മധുര ഡിവിഷനു നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ മധുര ഡിവിഷനു നാലു വന്ദേഭാരത് ട്രെയിനുകളാകും.
എന്നാൽ ഈ റേക്ക് ഉപയോഗിച്ച് എറണാകുളം– ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഈ റൂട്ടിൽ സർവീസിനു യാതൊരു തടസങ്ങളില്ലെന്നിരിക്കെ ട്രെയിൻ പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മധുരയിൽ നിന്നുള്ള വന്ദേഭാരതിനു ബെംഗളൂരു കന്റോൺമെന്റിൽ സ്ഥലം നൽകാനാണു കൂടുതൽ വരുമാനം ലഭിച്ചിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് നിർത്തലാക്കിയത്.
തമിഴ്നാടിന്റെ ആവശ്യം നേടാൻ അവിടുത്തെ കേന്ദ്ര ഭരണകക്ഷി നേതാക്കൾ ശക്തമായി സമ്മർദം ചെലുത്തുകയും ഇടപെടുകയും ചെയ്തപ്പോൾ കേരളത്തിലെ നേതാക്കൾ ഒരു നിവേദനത്തിൽ കാര്യങ്ങൾ ഒതുക്കി.
നിലവിൽ മധുര ഡിവിഷനിൽ നിന്നു ചെന്നൈയിലേക്കു രണ്ടും ബെംഗളൂരുവിലേക്കുമാണു വന്ദേഭാരത് സർവീസ്. പുതിയ റേക്ക് ഉപയോഗിച്ചു രാമേശ്വരം–തിരുപ്പതി സർവീസ് ആരംഭിച്ചേക്കുമെന്നാണു സൂചന. എട്ടു കോച്ചുള്ള മധുര– ബെംഗളൂരു സർവീസ് 16 കോച്ച് ആക്കുന്നതും പരിഗണനയിലാണ്. പാമ്പൻ പാലവും നവീകരിച്ച രാമേശ്വരം റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്തെങ്കിലും ഇലക്ട്രിക് സംവിധാനത്തിലെ അപാകത കാരണം ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായിട്ടില്ല.
അതേസമയം തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കോച്ച് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതു യാത്രക്കാർക്കു വലിയ ആശ്വാസമാകും. പ്രധാന റൂട്ടാണെങ്കിലും പാലക്കാട് ജംക്‌ഷൻ സ്റ്റേഷൻ വഴി നിലവിൽ വന്ദേഭാരത് സർവീസുകളില്ല. പാലക്കാട് ടൗൺ സ്റ്റേഷന്റെ ഭാഗമായി പിറ്റ് ലൈൻ പൂർത്തിയാകുമ്പോൾ കോയമ്പത്തൂർ– ബെംഗളൂരു വന്ദേഭാരത് പാലക്കാട്ടേക്കു നീട്ടുമെന്നാണ് അറിയുന്നത്.