ന്യൂഡൽഹി: അനാരോഗ്യത്തെ തുടർന്ന് ജഗ്ദീപ് ധൻഖർ രാജിവച്ച ഒഴിവിൽ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ മുന്നണിക്ക് വേണ്ടി നിലവിലെ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന് വേണ്ടി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയുമാണ് മത്സര രംഗത്തുള്ളത്.
ഇതിനിടെ ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്ന ക്രോസ് വോട്ടുകൾക്കുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതുപോലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രോസ് വോട്ടുകൾ ഉണ്ടാകുമോ, ഉണ്ടാകുന്നെങ്കിൽ അത് എവിടെ നിന്നാണ് ചോർന്നത് തുടങ്ങിയ കാര്യങ്ങൾ മുന്നണികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഉറപ്പാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
അതേസമയം കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുപോലെ പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ ആകെ പോൾ ചെയ്യാൻ സാധ്യതയുള്ള വോട്ട് 770 ആണ്. ഇതിൽ കണക്കുകൾ പ്രകാരം 423 വോട്ട് എൻഡിഎയ്ക്കും 322 വോട്ട് ഇന്ത്യാസഖ്യത്തിനും ലഭിക്കണം.
എല്ലാ അംഗങ്ങളും കൃത്യമായി വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് ചേർന്ന എൻഡിഎ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ നിന്ന് അകാരണമായി വിട്ടുനിന്നാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബിജെപി നൽകിയിട്ടുണ്ട്. വോട്ടുകൾ ചോരാതിരിക്കാനുള്ള നീക്കങ്ങൾ ഇൻഡ്യാ സഖ്യവും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം 2022-ൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന രാജിവച്ചൊഴിഞ്ഞ ജഗ്ദീപ് ധൻകർ 74.4 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായ സിപി രാധാകൃഷ്ണൻ തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവും മഹാരാഷ്ട്ര ഗവർണറുമാണ്. മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയാണ് ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർത്ഥി.
ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി തെലങ്കാന സ്വദേശിയാണ്. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച സുദർശൻ റെഡ്ഡി 1988ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായും പിന്നീട് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും നിയമിക്കപ്പെട്ടു. 1993ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദർശൻ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റത്. 2011ൽ വിരമിച്ചു.