പാലക്കാട്: വ്യവസായ സ്മാർട് സിറ്റി കോൺക്ലേവ് പരിപാടിയുടെ സദസിൽ വേണ്ടത്ര ജന പങ്കാളിത്തമില്ലാത്തതില്ഡ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും വിപുലമായ പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് ? നാടിന്റെ വികസനം ജനം അറിയാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അപ്പോൾ അറിയേണ്ടവർ ഇതൊന്നും അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇകഴ്ത്തിക്കാട്ടുകയാണ്’’– മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വ്യവസായ മേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് പറയുകയും ചെയ്തു.
അതേസമയം പരിപാടിയിൽ പാലക്കാടിന്റെ ചുമതലയുള്ള വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണമില്ലാത്തത് പലർക്കും അതൃപ്തിക്ക് കാരണമായിരുന്നു. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇൻഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി മന്ത്രി അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണൻകുട്ടിയുടെ ഓഫീസും വ്യക്തമാക്കിയിരുന്നു.