കൊല്ലം: പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. താൻ ഈ ഇടുന്നതു പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിൻറെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെ-
‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’
‘ഞാൻ സിപിഐഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. ഇന്നലെ 04/09/2025 കണ്ണനല്ലൂർ സ്‌റ്റേഷനിൽ വൈകിട്ട് ഒരു കേസിന്റെ മദ്ധ്യസ്ഥതയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു, ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്താൽ ഒരു കുഴപ്പവും ഇല്ല’.
അതേസമയം തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെയാണു സിപിഎം നേതാവിൽ നിന്ന് തന്നെ പോലീസിനെതിരെ ആരോപണം വരുന്നത്.