വാഷിങ്ടൻ: കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കിടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന വാദവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും രംഗത്ത്. വിദഗ്ധ വിദേശ തൊഴിലാളികൾ എന്ന പേരിൽ ഇന്ത്യയിൽനിന്നു കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ എടുക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നതാണിതെന്നും ഇതു അമേരിക്കൻ തൊഴിലാളികളെ ഇതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റിപ്പബ്ലിക്കൻ പാർട്ടി നേതാവുകൂടിയായ ഡിസാന്റിസിന്റെ പ്രസ്താവനയ്ക്കു ഒരു ദിവസം മുൻപ് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും സമാന രീതിയിൽ എച്ച്1 ബി വീസ – ഗ്രീൻ കാർഡ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. എച്ച്1 ബി വീസ – ഗ്രീൻ കാർഡ് പദ്ധതിയിൽ കാര്യമായ മാറ്റം വരുമെന്നാണ് ലുട്നിക് പറഞ്ഞത്. വിദേശതൊഴിലാളികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങളിൽ നിറയ്ക്കുന്ന അഴിമതിയാണിതെന്നായിരുന്നു ലുട്നിക് പറഞ്ഞത്. നയംമാറ്റം വന്നാൽ അത് യുഎസിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിനു വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ബാധിക്കുമെന്നും ഹോവാർഡ് ലുട്നിക്ക് വ്യക്തമാക്കിയിരുന്നു.
വിദേശത്തുനിന്നു കുറഞ്ഞ ചെലവിൽ പുതിയ എച്ച്1 ബി വീസയിൽ തൊഴിലാളികളെ എടുത്ത് അമേരിക്കൻ പൗരന്മാരെ വലിയതോതിൽ പിരിച്ചുവിടുകയാണ് കമ്പനികൾ ചെയ്യുന്നതെന്ന് ഡിസാന്റിസ് പറയുന്നു. ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽനിന്നാണെന്നും ഫോക്സ് ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു. എച്ച്1 ബി വീസ അപേക്ഷകരിൽ ഉയർന്ന വരുമാനക്കാരുടേത് ആദ്യം പരിഗണനയ്ക്ക് എടുക്കുക എന്ന തരത്തിൽ നയം മാറ്റാൻ നീക്കങ്ങൾ നടക്കുകയാണ്. കരട് ബിൽ നിയമമായാൽ യുഎസിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർഥികളെയും അത് ബാധിക്കും. എച്ച്1 ബി വീസ അനുവദിക്കപ്പെട്ടവരിൽ 70% പേരും ഇന്ത്യക്കാരാണ്. ട്രംപ് ജനുവരിയിൽ അധികാരത്തിലെത്തിയതിനു പിന്നാലെ വിദേശ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും കാര്യത്തിൽ നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.