കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി വയലിൽവച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണംവരെ കഠിനതടവ്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024നായിരുന്നു സംഭവം. കേസിൽ കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. അതോടൊപ്പം പീഡനത്തിനിരയായ കുട്ടിയിൽനിന്നു കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2024 മേയ് 15-നാണ് മനസാക്ഷി മരവിപ്പിച്ച പീഡനം ഉണ്ടായത്. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് നാലുമക്കളുടെ പിതാവ് കൂടിയായ സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ അകത്തു കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. തുടർന്നു കുട്ടിയെ വയലിൽ തന്നെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ പേടിച്ചുപോയ കുട്ടി ഇരുട്ടിൽ ഏറെ പണിപ്പെട്ടാണ് വീട്ടിലെത്തിയത്.
ഇതിനിടെ കുട്ടിയുടെ കാതിൽ നിന്നും അഴിച്ചെടുത്ത സ്വർണക്കമ്മൽ വിറ്റുകിട്ടിയ കാശുമായി പ്രതി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവിൽ ആന്ധ്രയിലുമെത്തി. സ്വർണം വിൽക്കാൻ പ്രതിയെ സഹായിച്ചത് സഹോദരി സുഹൈബയാണ്. ആന്ധ്രയിൽ നിന്ന് സലീമിനെ സംഭവം നടന്നു ഒൻപതാം നാൾ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അന്നത്തെ ഹൊസ്ദുർഗ് ഇൻസ്‌പെക്ടറും നിലവിൽ പേരാവൂർ ഡിവൈഎസ്പിയുമായ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്‌സോ ഉൾപ്പെടെ ഏഴുവകുപ്പുകൾ ചേർത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്. വിചാരണക്കോടതിയിൽ ഇയാളുടെ ഭാര്യയുടെ മൊഴി പോലും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. തലേന്ന് വീട്ടിൽ വന്നതും താൻ 500 രൂപ കൊടുത്ത് എവിടേക്കെങ്കിലും പൊയ്‌ക്കൊള്ളാൻ പറഞ്ഞതുമെല്ലാം ഭാര്യയുടെ മൊഴിയിലുണ്ടായിരുന്നു.
കേസിൽ 67 സാക്ഷികളാണുണ്ടായിരുന്നത്. രക്തസാംപിൾ, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, പീഡനം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകൾ, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയൽ തുടങ്ങി 40-ലധികം വസ്തുക്കൾ, കുട്ടി ഹൊസ്ദുർഗ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാൻ തുടങ്ങി 15-ലധികം രേഖകൾ എന്നിവയും 300 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.