പൂക്കോട്ടുംപാടം (മലപ്പുറം): 13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി പഞ്ചായത്ത് കമ്മിറ്റി അംഗവും ആയ പള്ളിക്കുന്ന് പൊറ്റമ്മൽ അബ്ബാസ് (40) ആണ് അറസ്റ്റിലായത്.
ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ എസ്ഐ എം.കെ.അബ്ദുൽ നാസർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം. 13 വയസ്സുകാരനെയും ആറാം ക്ലാസിൽ പഠിക്കുന്ന സുഹൃത്തിനെയും അശ്ലീല വിഡിയോ കാണിക്കുകയും പണം നൽകാമെന്നു പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണു കേസ്. കുട്ടികളിലൊരാളുടെ ബന്ധുവിനോട് പ്രതി ഫോണിൽ മാപ്പുപറയുന്ന ശബ്ദരേഖ സമൂഹമാധ്യമത്തിൽ പ്രചരിച്ചത് സംഭവം പുറത്തറിയാനിടയാക്കി.
രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് കുട്ടികളിലൊരാളുടെ ബന്ധുക്കൾ പരാതിയിൽനിന്ന് പിന്മാറിയെങ്കിലും 13 വയസ്സുകാരന്റെ രക്ഷിതാക്കൾ പരാതിയിൽ ഉറച്ചുനിന്നു. ഇൻസ്പെക്ടർ വി.അമീറലി അന്വേഷണം നടത്തി ജൂലൈ 29ന് കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ പാർട്ടി സംരംക്ഷിക്കുകയാണെന്ന് സിപിഎമ്മിന് അകത്തു തന്നെ ആക്ഷേപം ഉയർന്നിരുന്നു.