കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 61 കാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാളെ പിടികൂടിയിട്ടില്ല. ഇയാൾക്കുള്ള തെരച്ചിൽ ഊർജിതമാക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻറെ പിന്നിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വർക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകൽ സ്റ്റേഷനിൽ വൈദികൻ പരാതി നൽകിയിരുന്നു.
തുടർന്നു വീട്ടിൽനിന്നു ദുർഗന്ധം വമിച്ചതോടെ പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വർക്ക് ഏരിയയുടെ ഗ്രിൽ തകർത്ത നിലയിലായിരുന്നു. അതേസമയം മാൻഹോളിൽനിന്ന് പുറത്തെടുത്ത മൃതദേഹത്തിൽ വസ്ത്രങ്ങളോ, ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവർ ധരിച്ചിരുന്ന 12 പവനോളം സ്വർണവും നഷ്ടമായിരുന്നു. വർക്ക് ഏരിയയിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാൻഹോളിൽ ഒളിപ്പിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ ശാന്തയുടെ ബന്ധുക്കൾ ആദ്യം സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ശനിയാഴ്ചയാണ് മൃതദേഹം ശാന്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 18 മുതൽ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ അന്നോ, പിറ്റേന്നോ കൊലപാതകം നടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. വർക്ക് ഏരിയയിൽ മാലിന്യക്കുഴിയുടെ മാൻഹോളിൽ കാണാനാകാത്ത വിധത്തിലായിരുന്നു മൃതദേഹം ഒളിപ്പിച്ചിരുന്നത്. അഞ്ച് അടിയിലേറെ താഴ്ചയുള്ള കുഴിയാണിത്. എയർ പൈപ്പ് വഴി ദുർഗന്ധം പുറത്തേക്ക് പരന്നതാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്.
അതേസമയം മാൻഹോളിൽ മൃതദേഹം കണ്ടെന്ന വിവരം ലഭിച്ച് ഏറെ വൈകാതെ തന്നെ ശാന്തയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിച്ചിരുന്നു. ഇതേത്തുടർന്ന് ശാന്തയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. ഫോൺ കോളുകളുടെ പരിശോധനയിലാണ് രാജേഷിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. കൊലപാതക കാരണവും കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും ഈ വീട് എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ പ്രദേശവാസികളായ ആരുടെയെങ്കിലും സഹായം കൊലയ്ക്കു ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും പെരുമ്പാവൂർ എഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം നേര്യമംഗലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ശാന്തയുടെ മക്കൾ: ബിജിത്ത്, ബിന്ദു, മരുമകൾ: ഐശ്വര്യ.