ന്യൂഡൽഹി: അമ്മയ്ക്ക് മുൻപ് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ച് 65 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മകൻ അറസ്റ്റിൽ. അമ്മ ചെയ്ത തെറ്റിന് നൽകുന്ന ശിക്ഷയാണ് ബലാത്സംഗമെന്നു പറഞ്ഞാണ് 39കാരനായ ഇയാൾ പീഡിപ്പിച്ചതെന്നു പരാതിയിൽ പറയുന്നു. 65കാരിയായ സ്ത്രീയാണ് പരാതിക്കാരി. ഇവർക്ക് ഇയാളെ കൂടാതെ രണ്ട് പെൺമക്കൾ കൂടിയുണ്ട്. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് ഇവർ താമസിക്കുന്നത്.
ഇവരുടെ ഭർത്താവ് വിരമിച്ച സർക്കാർ ജീവിനക്കാരനാണ്. കുറ്റാരോപിതനായ മകൻ, ഇളയ മകൾ എന്നിവരോടൊപ്പമാണ് പരാതിക്കാരി താമസിക്കുന്നത്. ജൂലായ് 17 ന് പരാതിക്കാരിയും ഭർത്താവും ഇളയ മകളും സൗദിയിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ പ്രതി പിതാവിനെ വിളിച്ച് ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. തുടർന്നു മാതാവിനെ വിവാഹമോചനം ചെയ്യാൻ പിതാവിനോട് ആവശ്യപ്പെട്ടു. തന്റെ ബാല്യകാലത്ത് അമ്മയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനിടെ 65 കാരി വിദേശത്ത് നിന്ന് തീർഥയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ നടന്നതെന്ന് ഖാസി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് ഒന്നിനാണ് പരാതിക്കാരി ഡൽഹിയിൽ തിരിച്ചെത്തി. വീട്ടിലെത്തി ശേഷം മകൻ അവരെ ഒരു മുറിയിൽ പൂട്ടിയിടുകയും മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തന്റെ കുട്ടിക്കാലം നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഉപദ്രവിച്ചത്. ഇതോടെ പരാതിക്കാരി മൂത്ത മകളുടെ വീട്ടിൽ അഭയം തേടി. എന്നാൽ ബലാത്സംഗം ചെയ്തുവെന്ന വിവരം ആരോടും പറഞ്ഞില്ല.
തുടർന്ന് ഓഗസ്റ്റ് 11 ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴും പീഡനം തുടർന്നു. അമ്മയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് രണ്ടാമതും ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മയുടെ മുൻ ബന്ധങ്ങൾക്ക് താൻ ശിക്ഷ നൽകുകയാണെന്നാണ് അയാൾ പറഞ്ഞത്. വിവരം പിറ്റേ ദിവസം സ്ത്രീ തന്റെ ഇളയ മകളോട് പറഞ്ഞു. മകളാണ് പോലീസിനെ സമീപിക്കാൻ മുൻകൈ എടുത്തത്. ഇരുവരും ഖാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 64 (ബലാത്സംഗം) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.