തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തള്ളി വിജിലൻസ് കോടതി. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിശോധിച്ചു ശേഷം റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു. പരാതിക്കാരൻ്റെ മൊഴിയെടുക്കാനും കോടതി നിർദേശിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത്കുമാറിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാഗരാജു ഹർജി നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് വിജിലൻസ് നേരത്തേ സർക്കാരിന്റെ നിർദേശപ്രകാരം അജിത്കുമാറിനെതിരേ നടത്തിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം അന്വേഷണം പൂർണമല്ലെന്ന് കാട്ടി കോടതി തള്ളുകയായിരുന്നു. ഇനി നെയ്യാറ്റിൻകര നാഗരാജുവിന്റെ മൊഴി വിജിലൻസ് കോടതി രേഖപ്പെടുത്തും. അതിനുശേഷം അജിത്കുമാറിനെതിരേ പുതിയ അന്വേഷണം വേണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. കോടതിയുടെ വിശദമായ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ എന്തൊക്കെ കാരണങ്ങൾ മുൻനിർത്തിയാണ് ഈ ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളിയതെന്ന് വ്യക്തമാവുകയുള്ളൂ.
കവടിയാറിലെ ആഡംബര വീട് നിർമാണമടക്കമുള്ള കാര്യങ്ങൾ ആരോപിച്ച് മുൻ എംഎൽഎ പിവി അൻവറാണ് അജിത്കുമാറിനെതിരേ ആദ്യം ആരോപണങ്ങളുന്നയിച്ചത്. ഇതേത്തുടർന്ന് അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നിർദേശം നൽകുകയായിരുന്നു. തുടർന്നു അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം തെളിയിക്കാൻ കഴിയില്ല, വീട് നിർമാണമടക്കമുള്ള കാര്യങ്ങളിൽ രേഖകളെല്ലാം കൃത്യമാണ് എന്ന റിപ്പോർട്ടായിരുന്നു വിജിലൻസ് സർക്കാരിനു സമർപ്പിച്ചത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് തള്ളിയത്.
തിരുവനന്തപുരം കവടിയാറിൽ ഭാര്യാസഹോദൻ്റെ പേരിൽ അജിത് കുമാർ പൊന്നുംവിലയ്ക്കു വാങ്ങിയ ഭൂമിയിൽ ആഡംബര വീട് നിർമിക്കുനത് അനധികൃത പണം ഉപയോഗിച്ചാണെന്ന പിവി.അൻവറിൻ്റെ ആരോപണമാണ് വിജിലൻസ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നത്.