മുംബൈ: സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിൽ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. ഇത്തരം പ്രസ്താവനകൾ തുടരുകയും ഞങ്ങളുടെ ക്ഷമ നഷ്ടപ്പെടുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കുമെന്ന് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മിഥുൻ ചക്രവർത്തി മുന്നറിയിപ്പ് നൽകി.
‘‘ഇന്ത്യയിലെ 140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾ ആ അണക്കെട്ട് അങ്ങു തുറക്കും, സൂനാമി ഉണ്ടാകും. പാക്കിസ്ഥാനിലെ ജനങ്ങളോട് എനിക്ക് വിരോധമൊന്നുമില്ല. ഇതെല്ലാം ഞാൻ ബിലാവൽ ഭൂട്ടോയോട് പറഞ്ഞതാണ്’’– പരിഹാസിച്ചുകൊണ്ട് മിഥുൻ ചക്രവർത്തി പറഞ്ഞു.
അതേസമയം ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികൾ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും ഭൂട്ടോ പറയുന്നു. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പാക്കിസ്ഥാനല്ല സംഘർഷം ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ഭൂട്ടോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.