തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും, അർജന്റീന ടീമുമായുള്ള ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോൺസർ മാച്ച് ഫീസ് കൈമാറിയതായും, എന്നാൽ സന്ദർശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെസിയെയും സംഘത്തെയും കൊണ്ടുവരാൻ 100 കോടി രൂപ സർക്കാർ ചിലവഴിക്കുന്നു എന്നായിരുന്നു ആദ്യത്തെ ആരോപണം. ഇത് തെറ്റാണെന്ന് വ്യക്തമായപ്പോൾ, മന്ത്രി വിദേശയാത്രയ്ക്ക് 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ് അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതെന്നും, സ്പെയിനിലെ മാഡ്രിഡിൽ വെച്ചാണ് എഎഫ്എയുമായി ചർച്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു.
അർജൻ്റീന ടീമിനെ ക്ഷണിക്കാൻ മാത്രമല്ല, ലോക ക്ലബ് ഫുട്ബോളിൽ മുൻനിരയിലുള്ള സ്പെയിനിലെ ലാ ലിഗ, സ്പെയിൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദർശനത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. കായിക വൈദഗ്ധ്യ വികസനം, സ്പോർട്സ് സയൻസ്, ഗവേഷണം, കായിക മേഖലയുടെ ഡിജിറ്റലൈസേഷൻ എന്നിവയിൽ സ്പെയിൻ ഹയർ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സഹായത്തിനുമായി ലാ ലിഗ പ്രതിനിധികളുമായും ചർച്ചകൾ നടത്തി.
കേരളത്തെ ഒരു ആഗോള ഫുട്ബോൾ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്പിലെ നെതർലാൻഡ്സ് ഫുട്ബോൾ അസോസിയേഷൻ, ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാല, ഇറ്റലിയിലെ എ സി മിലാൻ ഫുട്ബോൾ ക്ലബ് എന്നിവരുമായി കേരളം കായിക മേഖലയിൽ സഹകരിക്കുന്നുണ്ട്. ക്യൂബയിൽ നിന്ന് പരിശീലകരെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
പുതിയ കായികനയത്തിൻ്റെ ഭാഗമായി കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും, നിലവിലുള്ള 200 ദശലക്ഷം ഡോളർ മൂല്യം അടുത്ത അഞ്ച് വർഷം കൊണ്ട് മൂന്നിരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ഇതിന് വിദേശ സഹകരണം അനിവാര്യമാണ്. കായിക വികസന നിധി എന്ന ഹെഡ്ഡിൽ വിദേശ സഹകരണത്തിന് ഉൾപ്പെടെ 8.4 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അർജന്റീന ടീമിന്റെ സന്ദർശനം കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുള്ള ഏറ്റവും വലിയ സമ്മാനമായിരിക്കും. ഇത് നമ്മുടെ ഫുട്ബോൾ മേഖലയ്ക്ക് വലിയ പ്രചോദനവും ടൂറിസം മേഖലയ്ക്ക് വലിയ പ്രോത്സാഹനവും നൽകുമെന്നും മന്ത്രി പറഞ്ഞു.