കറാച്ചി: ലെജൻഡ്‌സ് ലീഗിൽ പാക്കിസ്ഥാനെതിരേ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചതിന് പിന്നാലെ ഇനി രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ് (പിബിസി). സ്വകാര്യ ലീഗുകളിൽ സ്വന്തം രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നത് തടയുകയാണ് പിസിബി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ചേർന്ന് ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി ടെലികോം ഏഷ്യ സ്‌പോർട് റിപ്പോർട്ട് ചെയ്തു.
അതേസമയം വേൾഡ് ചാമ്പ്യൻസ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിൽ രണ്ടുതവണയാണ് പാക്കിസ്ഥാനെതിരേ കളിക്കില്ലെന്ന ഇന്ത്യ തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേർക്കുനേർ വന്നെങ്കിലും കളിക്കില്ലെന്നു ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിസിബി നിർണായക തീരുമാനത്തിലെത്തിയത്.
രണ്ടുതവണ ഇന്ത്യ കളിക്കാൻ വിസമ്മതിച്ചത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായാണ് പിസിബിയുടെ വിലയിരുത്തൽ. അതിനാൽ ഇനി മുതൽ സ്വകാര്യ ലീഗുകളിൽ പാക്കിസ്ഥാൻ എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായേക്കും. പേര് ഉപയോഗിക്കണമെങ്കിൽ പിസിബിയുടെ അനുമതി വേണ്ടിവരും. എന്നാൽ ഡബ്ല്യുസിഎൽ ഫൈനലിൽ പേര് ഉപയോഗിക്കുന്നതിന് തടസമുണ്ടാകില്ല. പാക്കിസ്ഥാൻ ചാമ്പ്യൻസ് എന്ന പേരിലാണ് ടീം ടൂർണമെന്റിൽ കളിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. ലീഗ് ഘട്ടത്തിൽ പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും സെമിയിലും ഇന്ത്യ അതേ നിലപാട് തുടരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ മത്സരക്രമം തീരുമാനിച്ചയുടൻ പാകിസ്താനെതിരേ സെമി കളിക്കാനില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.