തിരുവനന്തപുരം: മെഡിക്കൽ കോളSജ് യൂറോളജി വിഭാഗത്തിലെ 20 ലക്ഷം രൂപയുടെ ഉപകരണം നഷ്ടപ്പെട്ടെന്ന വിദഗ്ധസമിതി റിപ്പോർട്ട് ഉദ്ധരിച്ചുള്ള ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം പാടെ തള്ളി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. എംപി ഫണ്ട് ഉപയോഗിച്ച് മേടിച്ചത് 20 ലക്ഷത്തിന്റെയല്ല 14 ലക്ഷത്തിന്റേത്. ഈ ഉപകരണ ഭാഗങ്ങൾ ഒന്നും കാണാതായിട്ടില്ലെന്നും അതു സംബന്ധിച്ച് ഏതു തരത്തിലുള്ള അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എംപി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 20 ലക്ഷം രൂപയുടെ ഉപകരണം കാണാനില്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ലെന്നും അതു ലഭിച്ച ശേഷം കൂടുതൽ മറുപടി പറയാമെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഉപകരണങ്ങൾ സംബന്ധിച്ച് എല്ലാ വർഷവും ഓഡിറ്റിങ് നടത്തുന്നതാണ് ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഓസിലോസ്‌കോപ്പ് ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളും ആശുപത്രിയിൽ തന്നെയുണ്ട്. അന്വേഷണത്തിന് എത്തിയ വിദഗ്ധ സമിതിക്ക് ഉപകരണങ്ങൾ എല്ലാം പരിശോധിക്കാനുള്ള സമയമൊന്നും കിട്ടിയിട്ടില്ല. ഓപ്പറേഷൻ തിയറ്ററിലാണ് ആ ഉപകരണം ഉള്ളത്. ഓപ്പറേഷൻ നടക്കുന്ന രണ്ടു ദിവസങ്ങളിലായി എത്തിയ വിദഗ്ധസമിതിക്ക് അതിനുള്ളിൽ കയറി പരിശോധിക്കാൻ സാവകാശമോ അനുവാദമോ ഉണ്ടായിരുന്നില്ല. അവർ അത്തരത്തിൽ ഒരു പരിശോധനയും നടത്തിയിട്ടില്ല.’’
‘‘പിന്നെ 20 ലക്ഷത്തിന്റെയല്ല 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം. അതിൽ എല്ലാ ഭാഗങ്ങളും അവിടെ ഉണ്ട്. ശശി തരൂർ എംപിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഉപകരണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്. അക്കാര്യമൊന്നും സമഗ്രമായി പരിശോധിക്കാൻ വിദഗ്ധ സമിതിക്കു സമയം കിട്ടിയെന്നു കരുതുന്നില്ല. ഒരു ഭാഗവും നഷ്‌പ്പെട്ടാതെ ഉപകരണം ഇപ്പോഴും ഓപ്പറേഷൻ തിയറ്ററിലുണ്ട്. ഉപകരണങ്ങൾ മനഃപൂർവം കേടാക്കുന്നെന്ന് മുൻപ് ആരോപണം ഉയർന്നപ്പോൾ വിദഗ്ധരെത്തി അന്വേഷണം നടത്തി, ഒരു പ്രശ്‌നവുമില്ലെന്ന് ഡിഎംഇയ്ക്ക് റിപ്പോർട്ട് കൊടുത്തിരുന്നതാണ്. കാരണം കാണിക്കൽ നോട്ടിസ് നൽകിയത് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും കർശനമായ നടപടി ഉണ്ടാകില്ലെന്നുമാണ് അറിയുന്നത്.’’