തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യം അന്വേഷണ സമിതി കണ്ടെത്തിയതായും മന്ത്രി. കാണാതായ കാര്യം ആരും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉപകരണങ്ങൾ കളവ് പോയെന്നാണ് സംശയമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇതിനിടെ കാണാതായ ഉപകരണഭാഗം ഡോ. ഹാരിസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലേതാണോ എന്ന ചോദ്യത്തിന് യൂറോളജി വകുപ്പിലെ കാര്യങ്ങൾ മാത്രമാണ് സമിതി അന്വേഷിച്ചത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. വകുപ്പുതല അന്വേഷണത്തിനു ശേഷം ആവശ്യമെങ്കിൽ പോലീസിൽ പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഡോ. ഹാരിസിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് വകുപ്പതലത്തിലുള്ള സ്വാഭാവിക നടപടി മാത്രമാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയകൾ മുടങ്ങിയെന്നു വെളിപ്പെടുത്തിയ ഹാരിസിന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണു നടപടി. നോട്ടിസിന് ഉടൻ മറുപടി നൽകുമെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.