ബംഗളൂരു: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 30 വയസുകാരിയായ ഷമാ പർവീൺ കർണാടകയിൽ നിന്നാണ് പിടിയിലായത്. സംഘത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നത് പർവീൺ ആണെന്നും, കർണാടകയിൽ നിന്ന് ഓപ്പറേഷനുകൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
ജൂലൈ 23ന് ഗുജറാത്ത്, ദില്ലി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 20 നും 25 നും ഇടയിൽ പ്രായമുള്ള നാല് ഭീകരവാദികളെ പിടികൂടിയതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ്. മുഹമ്മദ് ഫർദീൻ, സൈഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവരാണ് നേരത്തെ പിടിയിലായത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയിലുടനീളം പ്രമുഖ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
ഈ സംഘത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്നും ഇന്ത്യക്ക് പുറത്തുള്ള ആളുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും എടിഎസ് അവകാശപ്പെടുന്നു. പ്രമുഖ സ്ഥലങ്ങളിൽ ഏകോപിപ്പിച്ച ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.