മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫഡിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സമനിലയ്ക്ക് സമ്മതിക്കാതെ ബാറ്റിങ് തുടർന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും അധികമായി നേടിയ റൺസ് കൊണ്ട്, ഇന്ത്യൻ ടീമിനു ഒരു ഗുണവുമുണ്ടായെന്നു താൻ കരുതുന്നില്ലെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ആ പത്ത് റൺസ് കൊണ്ട് ടീമിന് ഒരു വ്യത്യാസവും ഉണ്ടാക്കിയെന്ന് താൻ കരുതുന്നില്ലെന്ന് സ്റ്റോക്സ് വ്യക്തമാക്കി.
ടീമിനെ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയതാണ് പ്രധാനമെന്നിരിക്കെ, 90 റൺസെടുത്ത് മടങ്ങുന്നതിനേക്കാൾ എന്ത് തൃപ്തിയാണ് സെഞ്ചറിയടിച്ചപ്പോൾ കിട്ടുന്നതെന്നും സ്റ്റോക്സ് ചോദിച്ചു. മാത്രമല്ല സമനില ഉറപ്പുള്ളപ്പോൾ പ്രധാന ബോളർമാരെ പന്തെറിയിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലായിരുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു. ജഡേജയും സുന്ദറും ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടുമെന്ന ഘട്ടം വന്നപ്പോഴായിരുന്നു ഇംഗ്ലണ്ട് നായകൻ സമനിലയിൽ പിരിയാൻ കൈ കൊടുക്കാനെത്തിയത്. എന്നാൽ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ഈ നിർദേശം നിരസിക്കുകയായിരുന്നു. ഇതാണ് ഇംഗ്ലണ്ട് നായകനെ പ്രകോപിപ്പിച്ചത്.
‘‘രണ്ടാം ഇന്നിങ്സിൽ ഇരുവരുടെയും ബാറ്റിങ് പ്രകടനം ഉജ്വലമായിരുന്നു. ഞങ്ങൾക്ക് ലഭിച്ച തുടക്കം വച്ചു നോക്കുമ്പോൾ ഇന്ത്യയെ വൻ അപകടത്തിൽ നിന്ന് രക്ഷിച്ച ഇന്നിങ്സായിരുന്നു അവരുടേത്. വളരെ മികച്ച രീതിയിൽത്തന്നെ സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്ത് അവർ കളിച്ചു. മാത്രമല്ല ടീമിനെ വളരെ അപകടകരമായ സാഹചര്യത്തിൽനിന്നും രക്ഷപ്പെടുത്തിയതിനു ശേഷം 80, 90 റൺസുമായി പവലിയനിലേക്കു മടങ്ങുന്നതിനേക്കാൾ സംതൃപ്തി, സെഞ്ചറിയടിച്ച ശേഷം മടങ്ങുമ്പോൾ ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങളുടെ ആ അധ്വാനമെല്ലാം ടീമിനു വേണ്ടിയാണ്.’
‘‘ടീമിനെ വളരെ ദുഷ്കകരമായ സാഹചര്യത്തിൽനിന്ന് രക്ഷപ്പെടുത്തുകയും പരമ്പര നഷ്ടത്തിനു തന്നെ കാരണമാകുമായിരുന്ന തോൽവിയിൽനിന്ന് കരകയറ്റുകയും ചെയ്തത് യാഥാർഥ്യമാണെന്നിരിക്കെ, 10 റൺസ് കൂടി അധികം നേടുന്നതുകൊണ്ട് വലിയ വ്യത്യാസമുണ്ടാകുമെന്നും എനിക്കു തോന്നുന്നില്ല’– സ്റ്റോക്സ് പറഞ്ഞു.
അതുപോലെ സമനിലയ്ക്കു സമ്മതിക്കാതെ ഇന്ത്യ ബാറ്റിങ് തുടർന്ന ഘട്ടത്തിൽ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെക്കൊണ്ട് ബോൾ ചെയ്യിച്ച തന്റെ തീരുമാനത്തെയും സ്റ്റോക്സ് ന്യായീകരിച്ചു രംഗത്തെത്തി. 257 ഓവറുകൾ ബോൾ ചെയ്ത പ്രധാന ബോളർമാരെ, അടുത്ത ടെസ്റ്റിന് അധിക ദിവസം ബാക്കിയില്ലെന്നിരിക്കെ സംരക്ഷിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയിൽ താൻ ചെയ്യേണ്ടതാണെന്ന് സ്റ്റോക്സ് ചൂണ്ടിക്കാട്ടി.
‘‘സാധിക്കുന്നിടത്തോളം പന്തെറിയാൻ ഞങ്ങൾ ഒരുക്കമായിരുന്നു. അതു തന്നെയാണ് ചെയ്തതും. പക്ഷേ, ഞങ്ങൾക്കു മുന്നിൽ സമനില എന്ന സാധ്യത മാത്രമേ ഉള്ളൂവെന്നിരിക്കെ, പ്രധാന ബോളർമാരേക്കൊണ്ട് പന്തെറിയിച്ച് റിസ്ക് എടുക്കാൻ ഞാൻ തയാറായിരുന്നില്ല. പ്രത്യേകിച്ചും അടുത്ത മത്സരത്തിനു മുന്നോടിയായുള്ള വിശ്രമ ദിനങ്ങൾ വിരളമാണെന്നിരിക്കെ’ – സ്റ്റോക്സ് വിശദീകരിച്ചു.
കഴിഞ്ഞ മത്സരത്തിൽ ബോളിങ്ങിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ജോലിഭാരമൊന്നും ഇല്ലാത്ത ഏക ബോളർ ഹാരി ബ്രൂക്കായിരുന്നു. പരുക്കേൽക്കാൻ സാധ്യതയുള്ള മണ്ടത്തരങ്ങളൊന്നും ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് താൻ ബ്രൂക്കിന് പന്ത് കൈമാറിയത്. ഈ ടെസ്റ്റിൽ ഇരുനൂറിലധികം ഓവറുകൾ പന്തെറിഞ്ഞ ടീമാണ് ഞങ്ങളെന്നും ക്യാപ്റ്റർ വിശദീകരിച്ചു. അതേസമയം കഴിഞ്ഞ കളിയിൽ ഗിൽ, സുന്ദർ, ജഡേജ എന്നിവരുടെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ സമനില പിടിച്ചത്. തുടക്കത്തിൽ തന്നെ കൂറ്റൻ രണ്ടുവിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കളി വരുതിയിലാക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ.