തിരുവനന്തപുരം: പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയോട് വിശദാംശം തേടാൻ കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോൺഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി രംഗത്തെത്തി. കോൺഗ്രസിൻറെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി പറഞ്ഞു. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകൾ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾക്ക് നൽകുന്നതാണ്.
പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നുമായിരുന്നു പാലോട് രവി ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞത്. ഇതോടെ കോൺഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നും മുസ്ലിങ്ങൾ സിപിഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവർ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
ഇറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാൻ കോൺഗ്രസിൽ ആളില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ കുഴിച്ചു മൂടുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും പാലോട് രവി പറയുന്നു. സംഭാഷണം വിവാദമായതോടെയാണ് പാലോട് രവി വിശദീകരണുമായി രംഗത്തെത്തിയത്.
പാലോട് രവി പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് അവർ വോട്ട് പിടിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർകിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്.