ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളിലും റഡാർ സൈറ്റുകളിലും ഇന്ത്യ പ്രയോഗിച്ചത് 50-ൽ താഴെ വ്യോമ ആയുധങ്ങൾ മാത്രമാണ്. അതിനുള്ളിൽ തന്നെ പാക്കിസ്ഥാനെ വെടിനിർത്തൽ ചർച്ചയിലേക്ക് എത്തിച്ചെന്നും വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നർമദേശ്വർ തിവാരി.
“വ്യോമശക്തിയുടെ ചെലവ്- നേട്ടത്തെക്കുറിച്ച് ഞങ്ങൾ ധാരാളം ചർച്ച ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ ഞങ്ങൾ ചെയ്തതിനേക്കാൾ വലിയ ഉദാഹരണമില്ലെന്ന് ഞാൻ കരുതുന്നു. 50-ൽ താഴെ ആയുധങ്ങൾക്ക് എതിരാളിയെ സമാധാന ചർച്ചയിലേക്കു കൊണ്ടുവരാൻ കഴിയും… അത് പഠിക്കേണ്ടതായ ഒരു ഉദാഹരണമാണ്.” എയർ മാർഷൽ തിവാരി എയ്‌റോസ്‌പേസ് പവർ സെമിനാറിനിടെ നടന്ന സംവേദനാത്മക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നു, അതിനാൽ യുദ്ധത്തിൽ റണ്ണേഴ്‌സ് അപ്പുകൾ ഇല്ലായെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, സായുധ സേന 24 മണിക്കൂറും വർഷം മുഴുവനും വളരെ ഉയർന്ന പ്രവർത്തന സന്നദ്ധത നിലനിർത്തേണ്ടതുണ്ടെന്ന് പ്രതിരോധ സ്റ്റാഫ് ചീഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങൾക്ക് പരമ്പരാഗത പോരാട്ട വൈദഗ്ധ്യത്തേക്കാൾ കൂടുതൽ ആവശ്യങ്ങൾ നേരിടേണ്ടിവരും. യുദ്ധത്തിൽ രണ്ടാം സ്ഥാനക്കാരില്ല. ഏത് സൈന്യവും നിരന്തരം ജാഗ്രത പാലിക്കുകയും മികവ് പുലർത്തുകയും വേണം. സാധാരണ സൈനികർക്കു പുറമെ, ഇൻഫർമേഷൻ, ടെക്‌നോളജി, റിസർച്ച് യോദ്ധാക്കളുടെയും മിശ്രിതമായി സൈന്യം മാറണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മെയ് ഏഴ് മുതൽ 10 വരെ ഉണ്ടായ ഇന്ത്യ- പാക് സംഘർഷത്തിൽ ഉപയോഗിച്ച ആയുധങ്ങൾ ഏതൊക്കെയെന്ന് എയർ മാർഷൽ തിവാരി വ്യക്തമാക്കിയില്ല. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ക്രിസ്റ്റൽ മേസ്-2, റാംപേജ്, സ്‌കാൽപ്പ് മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ സുഖോയ്-30എംകെഐ, റഫാൽ, മിറാഷ്-2000 യുദ്ധവിമാനങ്ങളെ വ്യോമസേന വിന്യസിച്ചിരുന്നു. ആണവ കേന്ദ്രങ്ങൾക്കും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്കും സമീപമുള്ള പാക്കിസ്ഥാന്റെ വ്യോമ താവളങ്ങളും റഡാർ കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.