ആലപ്പുഴ: സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ച വഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്.
17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം. രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിലും ആയിരങ്ങൾ വിഎസിന് അന്ത്യഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.
വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്നത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെ പരീക്ഷകളും മാറ്റി. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ്
വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ വിഎസിന് ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര – വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഇന്നു പടിഞ്ഞാറേ ആകാശം ചുവക്കുമ്പോൾ വിഎസ് രക്തതാരകമായി ഓർമകളിൽ പ്രകാശിച്ചുതുടങ്ങും.