ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി.
യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി.
വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം എന്നിവയിലെ മികവിന് ഉയർന്ന റേറ്റിങ് ആയ വാട്ടർ പ്ലസ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. കഴിഞ്ഞ വർഷം 3963–ാം റാങ്ക് നേടിയ കൊച്ചിയാണ് ഇത്തവണ 50–ാം റാങ്കിലെത്തിയത്. ഇത്തവണ 23 നഗരസഭകൾ സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയതും എടുത്തു പറയേണ്ടതാണ്. ഇതിൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി എന്നിവ ത്രീസ്റ്റാർ നേടി’– മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ പുരസ്കാരം സമ്മാനിച്ചു. മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തദ്ദേശ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് എന്നിവർ പങ്കെടുത്തു.