കൊച്ചി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന കേന്ദ്ര സർക്കാരിന്റേയും മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റേയും പ്രസ്താവനയ്ക്കെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് കേന്ദ്രത്തിന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. സുഭാഷ് ചന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങൾ അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്. ചരിത്രം ഇങ്ങനെ നിവർന്നു നിന്ന് വസ്തുതകൾ ഓര്മപ്പെടുത്തുമ്പോൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലായാലും ഇനി നാളെ സൂപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകൾ കാലത്തിന്റെ വിചാരണയ്ക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
അഡ്വ. സുഭാഷ് ചന്ദ്രന്റെ കുറിപ്പ് ഇങ്ങനെ-
“ഓർമ്മകൾ ഉണ്ടായിരിക്കണം
നിമിഷപ്രിയയ്ക്ക് നിയമ സഹായം ഉൾപ്പടെ സാധ്യമായ എല്ലാ സഹായവും നൽകി എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ, അത് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ തുടർച്ചയായ നിയമപോരാട്ടത്തെ തുടർന്നാണെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്.
വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരിന്ത്യക്കാരന് ഇന്ത്യൻ ഗവണ്മെന്റും എംബസിയും തന്നാണ് നിയമ സഹായവും നയതന്ത്ര സഹായവും ഉൾപ്പടെയുള്ള പൂർണ്ണ പിന്തുണ നൽകേണ്ടത്. നിമിഷയ്ക്ക് അത്തരം പിന്തുണ ലഭ്യമാകാതെ വന്നപ്പോഴാണ് ആദ്യം ആക്ഷൻ കൌൺസിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്.
2022 മാർച്ച് 15 നു കേന്ദ്രസർക്കാർ ഹൈക്കോടതി മുൻപാകെ യെമനിലെ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് അഭിഭാഷകനെ ഉൾപ്പടെയുള്ള സഹായം ലഭ്യമാക്കാമെന്ന ഉറപ്പു നൽകുകയും നിമിഷയുടെ അമ്മക്ക് സനയിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെ ചർച്ചകൾ നടത്തുന്നതിനുമുള്ള പിന്തുണ നൽകാമെന്നും ഹൈക്കോടതി മുൻപാകെ ഉറപ്പുനൽകുകയും സർക്കാരിന്റെ ഈ ഉറപ്പ് പരിഗണിച്ചു കോടതി കേസ് തീർപ്പാക്കുകയും ചെയ്തു.
തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ സഹായിച്ചെങ്കിലും അമ്മയുടെ യാത്രാനുമതി സർക്കാർ നിഷേധിച്ചു. തുടർന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി വീണ്ടുമൊരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും 2023 നവംബർ 16 ന് അമ്മയുടെ യാത്രാനുമതിയിൽ ഒരാഴ്ചക്കക്കം തീരുമാനമെടുക്കാൻ നിർദേശം നൽകി കേസ് തീർപ്പാക്കി. കോടതി നിർദേശപ്രകാരം യാത്രയ്ക്കായി സമർപ്പിച്ച അമ്മയുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. തുടർന്ന് മൂന്നാമതും ഡൽഹി ഹൈക്കോടതിയെ സമീപിച്ച നിമിഷയുടെ മാതാവ് പ്രേമകുമാരിക്ക് കേന്ദ്രസർക്കാരിന്റെ ശക്തമായ എതിർപ്പിനെ തള്ളി കോടതി 2023 ഡിസംബർ 12ന് യാത്രാനുമതി നൽകുകയായിരുന്നു.
വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു തങ്ങൾ അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്. ചരിത്രം ഇങ്ങനെ നിവർന്നു നിന്ന് വസ്തുതകൾ ഓര്മപ്പെടുത്തുമ്പോൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലായാലും ഇനി നാളെ സൂപ്രീം കോടതി മുറിയിലായാലും നിങ്ങളെടുക്കുന്ന നിലപാടുകൾ കാലത്തിന്റെ വിചാരണയ്ക്ക് വിധേയമാക്കപ്പെടുക തന്നെ ചെയ്യും”.