നിസാമാബാദ്: ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വാതോരാതെ പറയുന്ന കേന്ദ്രസർക്കാരിന് പഹൽഗാമിൽ തീവ്രവാദികൾ നുഴഞ്ഞുകയറി 26 പേരുടെ ജീവനെടുത്തതിനെ കുറിച്ച് അറിയാൻ കഴിഞ്ഞില്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഒവൈസി കേന്ദ്രസർക്കാരിനെതിരെ പൊട്ടിത്തെറിച്ചത്.
അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം ഇങ്ങനെ-
‘പാക്കിസ്ഥാനിൽനിന്നും നുഴഞ്ഞുകയറിയ നാല് തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ 26 ഹിന്ദു സഹോദരങ്ങളുടെ ജീവനെടുത്തു. എങ്ങനെയാണ് ആ തീവ്രവാദികൾ അവിടെ എത്തിയതെന്ന് കേന്ദ്രസർക്കാർ ഒന്നു പറഞ്ഞുതരണം. ബിഹാറിൽ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിധ്യത്തെക്കുറിച്ച് അറിയാം എന്നാണ് കേന്ദ്രസർക്കാർ എപ്പോഴും പറയുന്നത്. അത്രയും അറിയുന്ന നിങ്ങൾ എങ്ങനെയാണ് നാലു ഭീകരർ പഹൽഗാമിൽ എത്തിയത് എന്ന് അറിയാതെ പോകുന്നത്?,’ ഒവൈസി ചോദിച്ചു.
‘ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുറിച്ച് സംസാരിക്കുമ്പോഴൊക്കെ, പഹൽഗാമിൽ നടന്ന ഭീകരതയ്ക്കുള്ള പ്രതികാരം എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ, പഹൽഗാമിൽ ആക്രമണം നടത്തിയ ആ നാല് ഭീകരവാദികളെയും പിടികൂടുന്നതുവരെ ഓപ്പറേഷൻ സിന്ദൂർ തുടരാനും കേന്ദ്രസർക്കാർ തയ്യാറാകണം,’ ഒവൈസി ആവശ്യപ്പെട്ടു.
അതേസമയം പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായതായുള്ള ജമ്മു- കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും ഒവൈസി ക്ഷുഭിതനായി. ‘പിന്നെ എന്തുകൊണ്ടാണ് താങ്കൾ രാജിവെച്ച് പുറത്തുപോകാത്തത്?’ ഒവൈസി ചോദിച്ചു. ‘പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കണം എന്നല്ലേ നിങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ, ആ നാല് തീവ്രവാദികളെയും പിടികൂടുംവരെ ഓപ്പറേഷൻ സിന്ദൂർ തുടരണം. അവരെ പിടികൂടുംവരെ ഞങ്ങൾ ചോദ്യം ചോദിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും,’ ഒവൈസി വ്യക്തമാക്കി.