ന്യൂഡൽഹി: ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണം ആസൂത്രണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലെ ഉന്നത സൈനിക- രാഷ്ട്രീയ നേതൃത്വങ്ങളുടെ നിർദേശാനുസരണം പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്)യും ലഷ്‌കറെ തൊയ്ബയും ചേർന്നെന്ന് റിപ്പോർട്ട്. ആക്രമണം നടപ്പാക്കിയ ഭീകരവാദികളെല്ലാവരും പാക്കിസ്ഥാനികളായിരുന്നെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ 26/11 മുംബൈ ആക്രമണത്തിന് സമാനമായ ആക്രമണത്തിനായിരുന്നു ലഷ്‌കറെ തൊയ്ബയും ഐഎസ്‌ഐയും ചേർന്ന് പദ്ധതി തയാറാക്കിയത്. ഇതിൽ പാക് ഭീകരവാദികളെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന് ഐഎസ്‌ഐ, ലഷ്‌കറെയുടെ പാക്കിസ്ഥാനിലെ കമാൻഡർ സാജിദ് ജുട്ടിന് നിർദേശം നൽകിയിരുന്നു. ഭീകരാക്രമണത്തിന്റെ രഹസ്യാത്മകത നഷ്ടമാകാതിരിക്കാനാണ് കശ്മീരിൽനിന്നുള്ള ഭീകരവാദികളെ ആക്രമണത്തിന്റെ ഭാഗമാക്കാതിരുന്നതെന്നും റിപ്പോർട്ട് പറയുന്നു.
അതുപോലെ പാക്കിസ്ഥാന്റെ മുൻ സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോ ആയിരുന്നെന്ന് സംശയിക്കുന്ന സുലൈമാൻ ആണ് പഹൽഗാമിൽ ആക്രമണം നടത്തിയ സംഘത്തെ നയിച്ചത്. മറ്റ് രണ്ട് പാക് ഭീകരവാദികളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. 2022-ൽ ജമ്മു മേഖലയിൽ കടക്കുന്നതിന് മുൻപേ സുലൈമാന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്‌കെയിലെ ലഷ്‌കറെ കേന്ദ്രത്തിൽ പരിശീലനം ലഭിച്ചിരുന്നെന്നാണ് വിവരം.
മാത്രമ്ലല ഏപ്രിൽ 15-ന് ത്രാൽ വനമേഖലയിൽ സുലൈമാനുണ്ടായിരുന്നെന്ന് സാറ്റലൈറ്റ് ഫോണിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം വെളിപ്പെടുത്തുണ്ട്. അതായത്, പഹൽഗാം ആക്രമണം നടന്ന ഏപ്രിൽ 22-ന് ഒരാഴ്ച മുൻപേതന്നെ ബൈസരൺ മേഖലയിൽ സുലൈമാനുണ്ടായിരുന്നു.
മാത്രമല്ല 2023-ൽ പൂഞ്ചിൽ ആർമി ട്രക്കിന് നേർക്കുണ്ടായ ഭീകരാക്രമണത്തിലും സുലൈമാൻ പങ്കാളിയായിരുന്നു. അന്നത്തെ ആക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. പിന്നീട് പഹൽഗാം ഭീകരാക്രമണം നടത്തുന്നതുവരെയുള്ള രണ്ടുകൊല്ലം സുലൈമാൻ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നാണ് സൂചന. പഹൽഗാമിൽ ആക്രമണം നടത്തിയ, സുലൈമാന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഭീകരവാദികളുടെ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരവാദികളായ ഹാഷിം മൂസ, അലി ഭായി എന്നിവരുടെ പങ്കിനെക്കുറിച്ച് നേരത്തെ ജമ്മു കശ്മീർ പോലീസ് സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാനായത് സുലൈമാന്റെ പങ്കു മാത്രമാണ്. കശ്മീരിൽനിന്നുള്ള തീവ്രവാദി ആദിൽ ഹുസൈൻ ആക്രമണത്തിനാവശ്യമായ സഹായം ചെയ്തുകൊടുത്തുവെന്ന വിവരത്തിനും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
അതുപോലെ പഹൽഗാമിലെ ബട്‌കോടെയിൽനിന്ന് പർവെയ്‌സ് അഹമ്മദ് ജോഥർ എന്നയാളെയും ഹിൽപാർക്കിൽനിന്ന് ബഷീർ അഹമ്മദ് ജോഥർ എന്നയാളെയും കഴിഞ്ഞമാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ പങ്ക്, ഭീകരവാദികൾക്ക് ഭക്ഷണവും ഒളിയിടവും മറ്റും നൽകിയെന്നത് മാത്രമായിരുന്നു. സഹായത്തിന് പകരമായി ഭീകരവാദികളിൽനിന്ന് ഇരുവരും പണവും സ്വീകരിച്ചിരുന്നു. ഭീകരവാദികൾ ആക്രമണം നടത്താനൊരുങ്ങുന്ന കാര്യം ഇവർക്ക് അറിവില്ലായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.