ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങിയ പച്ചക്കറികൾ കേടുവന്നോ? എങ്കിൽ വിഷമിക്കേണ്ട പരിഹാരമുണ്ട്. കേടുവരാത്ത ഫ്രഷായ പച്ചക്കറികൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ശരിയായ രീതിയിൽ പച്ചക്കറികൾ സൂക്ഷിക്കാതെ ആകുമ്പോൾ ഇത് കേടാവുകയും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലും ആകുന്നു. വാങ്ങിയ പച്ചക്കറികൾ ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി.
വായുസഞ്ചാരമുള്ള ബാഗുകൾ
പച്ചക്കറികൾ എപ്പോഴും ഫ്രഷായിരിക്കണമെങ്കിൽ നല്ല വായുസഞ്ചാരമുള്ള ബാഗിലാക്കി സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ വായു സഞ്ചാരം ഉണ്ടാവാതെ വായു തങ്ങി നിന്നാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. ഇങ്ങനെ സൂക്ഷിച്ചാൽ എത്രദിവസം വരെയും പച്ചക്കറി കേടുവരാതിരിക്കും.
പച്ചക്കറികളുടെ വേരുകളിൽ ഈർപ്പം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. ക്യാരറ്റ്, ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികൾ ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ആവശ്യമില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറികൾ പെട്ടെന്ന് ഇല്ലാതാകാൻ കാരണമാകുന്നു.
എത്തിലീൻ വാതകം
പഴവർഗ്ഗങ്ങളായ ആപ്പിൾ, പഴം എന്നിവയിൽ നിന്നും എത്തിലീൻ വാതകം പുറന്തള്ളപ്പെടുന്നു. ഇത് പച്ചക്കറികൾ പെട്ടെന്ന് പഴുക്കാനും കേടുവരാനും കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം പഴങ്ങൾക്കൊപ്പം പച്ചക്കറികൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
പേപ്പർ ടവലിൽ പൊതിയാം
ലെറ്റൂസ്, ചീര തുടങ്ങിയ ഇലക്കറികൾ ഡ്രൈ ആയിട്ടുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഈർപ്പത്തെ വലിച്ചെടുക്കുകയും പച്ചക്കറികൾ ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പച്ചക്കറികൾ കഴുകരുത്
സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികൾ കഴുകാൻ പാടില്ല. ഇത് പച്ചക്കറികളിൽ ഈർപ്പം തങ്ങി നിൽക്കാനും അതുമൂലം അണുക്കൾ ഉണ്ടാവുകയും പച്ചക്കറികൾ കേടുവരാനും കാരണമാകുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പച്ചക്കറികൾ എത്ര ദിവസം വരെയും കേടുവരാതിരിക്കും.