ലണ്ടൻ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരെ കയ്യിലെടുത്ത വൈഭവ് സൂര്യവംശി ബോളിങ് പ്രകടനം കൊണ്ട് വീണ്ടും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീം അംഗമായ വൈഭവ് സൂര്യവംശി, യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സൂര്യവംശി സ്വന്തമാക്കിയത്. ബെക്കൻഹാമിലെ കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഹംസ ഷെയ്ഖിനെ പുറത്താക്കിയാണ് പതിനാലുകാരൻ തന്റെ ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്.
അതേസമയം യൂത്ത് ടെസ്റ്റിൽ വൈഭവിന്റെ കന്നി വിക്കറ്റാണിത്. ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ്, ഇംഗ്ലണ്ട് ഇന്നിങ്സിലെ 45–ാം ഓവറിലാണ് ഹംസ ഷെയ്ഖിനെ പുറത്താക്കിയത്. ലോ ഫുൾടോസ് ആയിട്ടെത്തിയ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ ലോങ് ഓഫിൽ ഹെനിൽ പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു ഹംസ ഷെയ്ഖിന്റെ മടക്കം. 14 വർഷവും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ വിസ്മയ പ്രകടനം.
ഇതോടെ 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് മനിഷി സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയായി. അന്ന് മനിഷി പുറത്താക്കിയവരിൽ ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കൻ ടീമംഗം മാർക്കോ യാൻസൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അന്ന് ഒന്നാം ഇന്നിങ്സിൽ 58 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമാണ് മനിഷി വീഴ്ത്തിയത്.
എന്നാൽ രാജ്യാന്തര തലത്തിൽ യൂത്ത് ടെസ്റ്റിൽ വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക്കിസ്ഥാന്റെ മഹ്മൂദ് മാലിക്കിനാണ്. 13 വർഷവും 241 ദിവസവും പ്രായമുള്ളപ്പോഴാണ് മഹ്മൂദിന്റെ വിക്കറ്റ് നേട്ടം. 1994ൽ ന്യൂസീലൻഡിനെതിരെ 89 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് മഹ്മൂദ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. പാക്കിസ്ഥാന്റെ തന്നെ ഹിദായത്തുള്ള ഖാൻ 2003ൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ 13 വർഷവും 252 ദിവസവും പ്രായമുള്ളപ്പോൾ വിക്കറ്റ് വീഴ്ത്തിയതാണ് രണ്ടാമത്. വൈഭവാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം സെഞ്ചുറിയിലേക്ക് കുതിച്ച ഇംഗ്ലണ്ട് നായകനെ വീഴ്ത്തി വൈഭവ് സൂര്യവംശി ബോളിങ്ങിൽ കരുത്തുകാട്ടിയതോടെ യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ മേൽക്കൈ നേടി. ഒരു ഘട്ടത്തിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ റോക്കി ഫ്ലിന്റോഫ് – ഹംസ ഷെയ്ഖ് കൂട്ടുകെട്ട് വൈഭവ് പൊളിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്. തോമസ് റ്യൂ മൂന്നു റൺസോടെയും ഏകാംശ് സിങ് അക്കൗണ്ട് തുറക്കാതെയും ക്രീസിൽ. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര.