കണ്ണൂർ: പാർട്ടിയും കൊടിയും ഏതുമാകട്ടെ അങ്ങ് പാർലമെന്റിലും കണ്ണൂർ എംപിമാരുടെ എണ്ണം കൂടുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴാകും. കോൺഗ്രസിന്റെ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ, സിപിഎമ്മിന്റെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ. ഇതിൽ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്.
നേരത്തെ സിപിഎമ്മിലായിരുന്നു കണ്ണൂർ ലോബിയെന്ന പദം ഉപയോഗിച്ചിരുന്നത്. ഇനി പാർലമെന്റിലും ആ പദം ഉപയോഗിക്കാം. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. കോഴിക്കോട് എംപിയായ എംകെ രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. 2009 മുതൽ കോഴിക്കോട് എംപിയാണ് എംകെ രാഘവൻ. അതേസമയം കെ സുധാകരൻ മൂന്നുതവണ കണ്ണൂരിൽനിന്ന് എംപിയായി.
എന്നാൽ 2021 ജൂണിലാണ് വി ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാ എംപിമാരാകുന്നത്. കൂത്തുപറമ്പ് സ്വദേശിയാണ് ശിവദാസൻ. ബ്രിട്ടാസ് ആലക്കോട് സ്വദേശിയും. കണ്ണൂർ പടിയൂർ സ്വദേശിയായ പി സന്തോഷ്കുമാർ 2022 ഏപ്രിലിലാണ് രാജ്യസഭാ എംപിയാകുന്നത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.