ടെഹ്റാൻ: കഴിഞ്ഞ ജൂൺ 16ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് നിസാര പരുക്കേറ്റതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസിന്റെ റിപ്പോർട്ട്. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടന്ന പടിഞ്ഞാറൻ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് മസൂദ് പെഷസ്കിയാന് കാലിനു പരുക്കേറ്റത്. അന്നത്തെ ആക്രമണത്തിൽ നിന്നും മസൂദ് പെഷസ്കി തലനാരിഴയ്ക്കാണു രക്ഷപെട്ടതെന്നും ഫാർസ് ന്യൂസ് പറയുന്നു.
അന്നത്തെ യോഗത്തിൽ പ്രസിഡന്റിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല ബെയ്റൂട്ടിൽ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകൾ പതിച്ചു.
ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്ഫോടനങ്ങൾക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗം മുൻകൂട്ടി തയാറാക്കിയിരുന്നതിനാൽ ഉദ്യോഗസ്ഥർ അതിലൂടെ രക്ഷപ്പെട്ടു എന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പെഷസ്കിയാനൊപ്പം മറ്റു ചില ഉദ്യോഗസ്ഥർക്കും നിസാര പരുക്കേറ്റിരുന്നു.
അതേസമയം ആക്രമണത്തിന്റെ കൃത്യത പരിശോധിച്ചാൽ ഒരു ചാരന്റെ ഇടപെടൽ സംഭവത്തിനു പിന്നിലുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. തന്നെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് മസൂദ് പെഷസ്കിയാൻ നേരത്തെ ആരോപിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യം നിരവധി ഉന്നത ഇറാനിയൻ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.